ഓരോ ദിവസവും നിരത്തില്‍ പൊലിയുന്ന ജീവനുകളെ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നവരാണ് നമ്മള്‍. അതിനപ്പുറം ഒന്നിനും കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. റോഡില്‍ വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ക്കുള്ള സാധ്യത എപ്പോഴുമുണ്ട്. അത് മനസിലാക്കി ശ്രദ്ധയോടെ, നിയമം പാലിച്ച് വാഹനമോടിക്കുമ്പോഴാണ് അത്തരം അപകടങ്ങള്‍ ഒഴിവാക്കാനാവുക.
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ നഷ്ടമായത് ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ ജീവനുകളാണ്. അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അഞ്ചുപേര്‍ പരുക്കുകളോടെ ചികിത്സയിലാണ്. നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ടിപ്പറിന്‍റെ മരണപ്പാച്ചിലാണ് ഈ അപകടത്തിന് കാരണം.
ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാനുള്ള ഹെവി ലൈസന്‍സില്ലെന്ന് കൂടി അറിയുമ്പോള്‍ തെളിയുന്നത് സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചകളാണ്. റോഡിലിറക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലുള്ള ഒരു വാഹനം അമിതഭാരം കയറ്റി അമിത വേഗത്തില്‍ ലൈസന്‍സില്ലാത്ത ഒരാള്‍ ഓടിച്ച് മൂന്ന് ജീവനുകള്‍ അപഹരിച്ചെങ്കില്‍ അത് ആരുടെ പിഴവാണ്? മരണപ്പാച്ചില്‍ അവസാനിപ്പിക്കേണ്ടതാരാണ് ? നിങ്ങള്‍ പറയൂ...