കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാൽ ആ പ്രതിസന്ധിയുടെ ആഴമെത്ര എന്നതിലാണ് അഭിപ്രായവ്യത്യാസമുള്ളത്. 'പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്' എന്നാണ് അന്നത്തെ പ്രതിപക്ഷം (ഇപ്പോഴത്തെ ഭരണപക്ഷം) ഖജനാവിനെ വിശേഷിപ്പിച്ചിരുന്നത്. എന്താണ് യാഥാർത്ഥ്യമെന്ന് ജനങ്ങൾ അറിയണമെന്ന് പറഞ്ഞാണ് യു.ഡി.എഫ് സർക്കാർ ധവളപത്രം പുറത്തിറക്കിയത്. ഗുരുതരമായ ധനപ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്.

5.07 ലക്ഷം കോടി രൂപയാണ് ആകെ കടബാധ്യത. ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാത്ത അവസ്ഥയെന്നാണ് ഇതിൽ പറയുന്നത്. ട്രഷറിയിൽ ബാക്കിയുണ്ടെന്ന് അവകാശപ്പെടുന്ന പണം കടമെടുത്തതാണെന്നും, നൽകേണ്ട അടിയന്തര ഫണ്ടുകൾ പലതും നൽകാതെയാണ് ഇടത് സർക്കാർ ഭരണമൊഴിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 21,000 കോടി രൂപയുടെ വായ്പാ ബാധ്യത വരുത്തിവെച്ച കിഫ്ബിയെ (KIIFB) പൊളിച്ചെഴുതുമെന്നു കൂടി വ്യക്തമാക്കുന്നതാണ് നിയമസഭയിൽ വെച്ച ഈ സാമ്പത്തിക രേഖ. 

എന്നാൽ, ധവളപത്രം വെറുമൊരു രാഷ്ട്രീയ രേഖ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചത്. ഏത് സർക്കാരിനും ഭരണത്തുടർച്ചയിൽ ബാധ്യതകൾ വരുമെന്ന് പറഞ്ഞ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കടത്തിന്റെ കണക്കുകൾ യു.ഡി.എഫ് പെരുപ്പിച്ചു കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി. ധവളപത്രത്തിലൂടെ യഥാർത്ഥത്തിൽ തെളിയുന്നത് എന്താണ്? പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് തന്നെയാണോ അതോ ഇതൊരു രാഷ്ട്രീയ രേഖയോ?

ENGLISH SUMMARY:

Kerala financial crisis is a major concern, with differing opinions on its depth. The white paper released by the UDF government highlights a severe financial crisis, revealing a total debt of ₹5.07 lakh crore and difficulties in meeting daily expenses.