TOPICS COVERED

ചൂട് കൊണ്ട് മനുഷ്യന്‍ ചത്തതിനൊക്കുമേ ജീവിക്കുന്ന അവസ്ഥയാണ്. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും മുന്നറിയിപ്പില്ലെങ്കിലും ചൂടിന് കുറവൊന്നുമില്ല. പുറത്തിറങ്ങിയാല്‍ മനുഷ്യന്‍ വെന്ത് പോകുന്ന അവസ്ഥ. പുറത്തിറങ്ങാതെ ജീവിക്കാന്‍ പറ്റില്ലല്ലോ ? മുന്‍പൊക്കെ പകല്‍ കത്തിയെരിഞ്ഞാലും രാത്രി പകലിനെ അപേക്ഷിച്ച് കുറച്ചെങ്കിലും, ഒരു ഫാനിട്ടാലെങ്കിലും ചൂടിന് തെല്ലൊരാശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ അതില്ലേയില്ല. എസിയില്ലാത്തവരൊക്കെ ചൂടിനെ പഴിച്ച് ജീവിക്കുകയാണ്. എല്ലാവര്‍ക്കും എസി വാങ്ങാനോ, എപ്പോഴും എസിയില്‍ ജീവിക്കാനോ കഴിയില്ലാലോ. 

രോഗികളൊക്കെ വല്ലാത്ത അവസ്ഥയിലാണ്. ഇതിനിടക്ക് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങുമുണ്ട്. പുറത്ത്  ജോലിചെയ്യുന്നവരില്‍ പലര്‍ക്കും അത് ചെയ്യാന്‍ കഴിയാത്ത അവസ്ഥയോ, ജോലി ഇല്ലാത്ത അവസ്ഥയോ ആണ്. പട്ടിണിയാണ് പല വീടുകളിലും. ആളു കൂടുന്നു, കോണ്‍ക്രീറ്റ് കെട്ടിടം കൂടുന്നു, മരം കുറയുന്നു, മഴ കുറയുന്നു. ചൂട് കൂടുന്നു. കേരളത്തിന്‍റെ കാലാവസ്ഥ അപ്പാടെ മാറി. ഈ ചൂടിനെ നമ്മള്‍ എങ്ങനെ താങ്ങും.