എന്തും വിവാദമാകുന്ന സമയമാണ് തിരഞ്ഞെടുപ്പ് കാലം. ഡീല്‍ വിവാദം നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്നലെ മറ്റൊരു വിവാദം പൊടുന്നനെ തലപൊക്കിയത്. കോന്നിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കവെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചയാളോട് ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന്’ മുഖ്യമന്ത്രി പറഞ്ഞു. ഇത് ശരിയാണോ എന്നതാണ് പ്രശ്നം. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തതോടെ പിണറായിയുടെ സൗമ്യമുഖവും പെരുമാറ്റവും മാത്രം കാണിക്കാനുള്ള പി.ആര്.വര്‍ക്കുകള്‍ സജീവമായി നടക്കുന്നതിനിടെ. പൊതുയോഗത്തിനിടെ ചോദ്യമുന്നയിക്കുന്നത് മര്യാദയല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ ചോദിക്കുന്നതില്‍ ഒരു ഔചിത്യക്കുറവുണ്ട് എന്നത് ശരിയാണ്. പക്ഷെ, ചോദിക്കാനുള്ള അവകാശം എപ്പോഴും പൗരനുണ്ട്. അതിനോട് കുറച്ചുകൂടി മര്യാദയോടെ പ്രതികരിക്കാമല്ലോ എന്നതാണ് എതിരാളികള്‍ ഉയര്‍ത്തുന്ന വാദം. സമാനമായ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ഒരു പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തോല്‍വി ഭയന്ന് മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ സമനില തെറ്റിയതാര്ക്കാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളില്‍ പ്രശ്നമുണ്ട് എന്ന് പ്രേക്ഷകര്‍ കരുതുന്നുണ്ടോ?