മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ജീവിതത്തില്‍ വിവാദങ്ങള്‍ പുതുമയല്ല. അതില്‍ പലതും കുടുംബവുമായി ബന്ധപ്പെട്ടതാണെങ്കിലും ആരോപണങ്ങള്‍ ഗുരുതരമായിരുന്നു. ആദ്യ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്നാണ് 2013ല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായത്. സമാനമായി ഭാര്യ ബിന്ദു മേനോൻ ഇന്നലെ നടത്തിയ ഗുരുതര വെളിപ്പെടുത്തലിലൂടെയാണ് ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിൽ ആയത്. ഒടുവില്‍, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ഭാര്യയോട് മാപ്പ് ഇരന്ന് രാജിയുടെ വക്കിൽ നിന്ന് തൽക്കാലം കരകയറിയതിന്റെ ആശ്വാസമുണ്ട് അദ്ദേഹത്തിന്. പ്രശ്നം പറഞ്ഞ് തീർത്തെന്ന് മനോരമ ന്യൂസിനോട് പറഞ്ഞ ബിന്ദു, നിയമനടപടികൾക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, അപ്പോഴും കേവലം കുടുംബ പ്രശ്നം എന്ന ഗണേഷിന്റെ വാദം പൊളിക്കുന്നതാണ് ഇന്നലെ ബിന്ദുതന്നെ നടത്തിയ വെളിപ്പെടുത്തല്‍. അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഉയർത്തി നിൽക്കുന്ന സര്‍ക്കാരിലെ ഒരാള്‍ പോലും ആ സ്ത്രീക്കൊപ്പം നില്‍ക്കുന്നത് നമ്മള്‍ കണ്ടില്ല. എന്തായാലും പരാതി ഇല്ലാത്തതിനാൽ കടുത്ത നടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും തീരുമാനിച്ചിരിക്കുകയാണ്. അപ്പോഴും, ധാർമിക പ്രശ്നം ഉയർത്തി മന്ത്രിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. എന്താണ് പ്രേക്ഷകരുടെ അഭിപ്രായം? ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ?