ശബരിമല സ്വര്‍ണക്കൊള്ള ഇടതുമുന്നണി സര്‍ക്കാരിനുണ്ടാക്കിയ ആഘാതം ചെറുതല്ല. തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി തിരിച്ചറിഞ്ഞ് ആ ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷമാവട്ടെ സര്‍ക്കാരിനെതിരെയുള്ള മുഖ്യ ആയുധമായി കാണുന്നതും ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ്. സ്വര്‍ണംകട്ടത് സഖാക്കളാണെന്ന് നാടുമുഴുവന്‍ പാടി നടക്കുകയാണ് യുഡിഎഫ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കേസിലെ മറ്റ് പ്രതികളും സോണിയഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രവും, അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും പോറ്റിയുമായുള്ള ബന്ധവുമൊക്കെ പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കള്‍. അതിനിടയിലാണ്, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വര്‍ണക്കൊള്ള നടന്നെന്ന സൂചനയുമായി ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത്. . യു.ഡി.എഫ് നിയോഗിച്ച ദേവസ്വം ബോര്‍ഡിന്‍റെ കാലത്തും ശബരിമലയില്‍ നിന്ന് സ്വര്‍ണംകൊള്ളയടിച്ചോയെന്നതിലേക്കാണ് അന്വേഷണം നീളുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ കണക്കുണ്ടെന്നും വി.ഡി.സതീശന്‍റെ ജാഥ എറണാകുളത്ത് വരുമ്പോള്‍ തന്നെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ നീക്കമെന്നും അജയ് തറയില്‍ ആരോപിച്ചു. ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങളും ഇന്ന് കണ്ടു. അതേസമയം, ശബരിമലയിലേക്ക് നടന്‍മാര്‍ സ്വര്‍ണം സംഭാവന നല്‍കുന്ന ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, സംവിധായകന്‍ ഷാജി കൈലാസ് എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. വിജിലന്‍സിന്റെ അന്വേഷണവും അതിന്റെ രാഷ്ട്രീയസാഹചര്യങ്ങളുമാണ് നമ്മള്‍ സംസാരിക്കുന്നത്. കൊടിമരത്തിലും കൊള്ളനടന്നോ?