ക്രിയാത്മകമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകേണ്ട ഇടങ്ങളാണ് പാര്‍ലമെന്‍റും നിയമസഭയുമെല്ലാം. ജനങ്ങളെ ബാധിക്കുന്ന, രാജ്യത്തെയാകെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്താനും ഭരണപക്ഷത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കാനും പ്രതിപക്ഷത്തിന് സാധിക്കണം. അതിനോട് അസഹിഷ്ണുതയില്ലാതെ പ്രതികരിക്കാനും വ്യക്തതവരുത്താനും ഭരണകൂടവും തയാറാകണം. അതിനുപകരം പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ല. മുന്‍ കരസേന മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉയര്‍ത്തുന്നതിനെയാണ് ഭരണപക്ഷം വിലക്കുന്നത്. ഇന്ത്യ–ചൈന സംഘര്‍ഷസമയത്തെ ഭരണകൂടത്തിന്റെ നിരുത്തരവാദനിലപാടിനെക്കുറിച്ച് ആ പുസ്തകത്തില്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ അറിയണ്ടേ? പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയില്‍ പരാമര്‍ശിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന നിസാര വിഷയമാണോ ഇത്? പാര്‍ലമെന്‍റില്‍ പ്രതിപക്ഷനേതാവ് മിണ്ടരുതെന്ന നിലപാട് ശരിയാണോ? പ്രധാനമന്ത്രി പറഞ്ഞത് പോലെ പ്രതിപക്ഷം ഭരണഘടനയെ അപമാനിച്ചോ?