ഒരുവശത്ത് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറയുന്നു, സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി സോണിയ ഗാന്ധിക്ക് ഒരു ബന്ധവുമില്ലെന്ന്. മറുവശത്ത് നിയമസഭയ്ക്കുള്ളില്‍ മന്ത്രിമാര്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ പറയുന്നു സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണം, അവരുടെ വീട് റെയ്ഡ് ചെയ്യണം, അവര്‍ക്ക് പോറ്റിയുമായി അടുത്ത ബന്ധമുണ്ട് എന്നൊക്കെ.
താന്‍ പെട്ടുപോയ കുരുക്കില്‍നിന്ന് ഊരിപ്പോരാന്‍, പാര്‍ട്ടി നിലപാട് കണക്കിലെടുക്കാതെ, സോണിയ ഗാന്ധിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഗതികേടിലാണ് കടകംപള്ളി എന്നതാണ് അവസ്ഥ. മറ്റൊന്ന് പോറ്റിയുടെ വീട്ടില്‍ പോയതുമായി ബന്ധപ്പെട്ട ഓര്മക്കുറവാണ്.
പോറ്റിയുടെ അയല്ക്കാരന്റെ വെളിപ്പെടുത്തലും ചില ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ പതിയെ ഓര്മ വന്നുതുടങ്ങിയെങ്കിലും ഇപ്പോഴും പൂര്‍ണമല്ല. പ്രത്യേകതരം മറവികള്‍ പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണെന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. എന്തായാലും ശബരിമല സ്വര്‍ണക്കൊള്ള വരും ദിവസങ്ങളിലും നിയമസഭയെ പ്രക്ഷുബ്ധമാക്കുമെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് ഇന്നത്തേത്.