കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുണ്ട് എന്നതില്‍ സംസ്ഥാനത്തെ ഭരണ–പ്രതിപക്ഷങ്ങള്‍ക്ക് ഭിന്നാഭിപ്രായങ്ങളില്ല. എന്നാല്‍, കേന്ദ്ര നിലപാടാണ് സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിക്കാകെ കാരണമെന്ന ഭരണപക്ഷവാദത്തോട് പ്രതിപക്ഷം യോജിക്കുന്നില്ല. കേന്ദ്രനിലപാടിനൊപ്പം ഇടതുസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളും ധൂര്‍ത്തും ഇതിനൊരു കാരണമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന മന്ത്രിസഭയുടെ സത്യഗ്രഹത്തിനാണ് ഇന്ന് തലസ്ഥാനം സാക്ഷ്യംവഹിച്ചത്. നാട് മുന്നോട്ട് പോകരുതെന്ന ഹീന ബുദ്ധിയാണ് കേരളത്തിൽ യുഡിഎഫിനും ബിജെപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചു. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കാള്‍ മൂര്‍ച്ചയുള്ളതായിരുന്നു യുഡിഎഫിനും കോണ്‍ഗ്രസിനും നേരെയുള്ള വാക്കുകള്‍ എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, മുഖ്യമന്ത്രിയുടെ സമരം തമാശയാണെന്നും ഡല്‍ഹിയില്‍ മോദിയെയും അമിത് ഷായേയും കാണുമ്പോള്‍ 90 ശതമാനം വളഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയനെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. മോദി പറയുന്നിടത്ത് ഒപ്പിടുന്ന പിണറായി വിജയനോട് യോജിച്ച് സമരം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്‍ഡിഎഫ് നടത്തുന്ന സമരനാടകമെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയാണ്? കേന്ദ്രവിരുദ്ധ സമരം ആത്മാര്‍ഥമാണോ?