രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് റെയില്‍വേ. ദീര്‍ഘദൂരയാത്രയ്ക്ക് മാത്രമല്ല, ദിവസവും ജോലിയാവശ്യങ്ങള്‍ക്കും മറ്റുമായി ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് ഒരുപാട് പേരെ ബാധിക്കുന്ന വിഷയവുമാണ്. ആറുമാസത്തിനിടെ രണ്ടാം തവണയും ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുകയാണ്. മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ എല്ലാ ക്ലാസുകളിലും കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് കൂട്ടിയത്. മെമു, പാസഞ്ചര്‍ ട്രെയിനുകളില്‍ ആദ്യ 215 കിലോമീറ്ററിന് വര്‍ധനയില്ല. സീസണ്‍ ടിക്കറ്റ് നിരക്കും കൂട്ടിയിട്ടില്ല. 26–ാം തീയതിമുതലാണ് ഈ മാറ്റങ്ങള്‍ നിലവില്‍വരിക. റിസര്‍വേഷന്‍ യാത്രക്കാരെയും ജനറല്‍ ക്ലാസില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവരെയുമാകും വര്‍ധന ബാധിക്കുക. ഈ നിരക്കുവര്‍ധന നീതീകരിക്കാവുന്നതാണോ?