തീവ്ര വോട്ടര്‍പട്ടിക പുതുക്കലില്‍ ടാര്‍ഗറ്റ് തികയ്ക്കാന്‍ കടുത്ത സമ്മര്‍ദമാണ് ബിഎല്‍ഒമാര്‍ നേരിടേണ്ടിവരുന്നത്. ടാര്‍ഗറ്റ് തികയ്ക്കാത്തതിന്‍റെ പേരില്‍ ആലപ്പുഴയില്‍ ബിഎല്‍ഒമാരെ കലക്ടര്‍ ശാസിച്ചതായുള്ള പരാതിയും ഇന്ന് നമ്മള്‍ കേട്ടു. ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് ബിഎല്‍ഒമാരുടെ വെളിപ്പെടുത്തല്‍. വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ബിഎല്‍ഒമാരെ സമ്മര്‍ദപ്പെടുത്തരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചകളിലേക്ക് വന്നത്. പലയിടത്തും രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മര്‍ദവും സ്വാധീനവും എസ്ഐആര്‍ നടപടികളെ ബാധിക്കുന്നതായും തെളിയുകയാണ്. എസ്.ഐ.ആറില്‍ രാഷ്ട്രീയ കണ്ണോടെ പ്രവര്‍ത്തിക്കുന്ന ബി.എല്‍.ഒമാരെ വെറുതേ വിടില്ലെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിനിടെ, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും നൽകിയ ഹർജികളാണ് പരിഗണിക്കുക. ടാര്‍ഗറ്റ് തളര്‍ത്തുകയാണോ ഉദ്യോഗസ്ഥരെ?