ഇന്ന് നടന്ന ഒരപകടവാര്‍ത്ത നിങ്ങളുടെയൊക്കെ ഉള്ളില്‍ തൊട്ടിട്ടുണ്ടാകും. ആലപ്പുഴ അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളില്‍ വീണ് ഡ്രൈവര്‍ മരിച്ചു. ഒരുകുടുംബത്തിന്‍റെ ആശ്രയമായിരുന്നു മരിച്ച രാജേഷ്. വിഷ്ണുവിന്റെയും കൃഷ്ണവേണിയുടെയും അച്ഛന്‍. നിര്‍മാണമേഖലയില്‍ ഒരു സുരക്ഷയും ഒരുക്കാത്ത അനാസ്ഥയ്ക്ക് ഇരയായത് ആ കുടുംബത്തിന്റെ ആശ്രയവും സ്വപ്നവുമായിരുന്ന ആ ജീവനാണ്   രാവും പകലുമില്ലാതെ കുടുംബത്തിനുവേണ്ടി അധ്വാനിക്കുകയായിരുന്നു രാജേഷ്.   രാജേഷിന്റെ മാത്രമല്ല ഉയരപ്പാത നിർമാണം ആരംഭിച്ചതുമുതൽ നാല്‍പ്പതിലേറെപ്പേരാണ് ഇവിടെ വാഹനാപകടങ്ങളില്‍ മരിച്ചത്. ദാ ഞങ്ങളുടെ മനോരമ ന്യൂസിന്റെ സ്റ്റുഡിയോയുള്ള  അരൂരില്‍ തന്നെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ഒന്നു കാണണം. എത്രയെത്ര വാര്‍ത്തകള്‍ കൊടുത്തൊന്നോ? ഇവിടെയുള്ള നാട്ടുകാരൊക്കെ എത്രയോ പരാതി പറഞ്ഞു, പ്രതിഷേധിച്ചു. ദേശീയപാതയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒരു ഗുണവുമുണ്ടായില്ല. ഇന്നിപ്പോ രാജേഷിന്റെ കുടുംബത്തിന് സഹായവാഗ്ദാനപ്പെരുമഴയാണ്. നല്ലതു തന്നെ. പക്ഷേ ആ ജീവന് പകരം കൊടുക്കാന്‍ കഴിയില്ലല്ലോ? ആ നഷ്ടം നികത്താനാവില്ലല്ലോ?. ജനങ്ങളുടെ ജീവനിപ്പോ എന്താണ് വില?  ഈ നിര്‍മാണ മേഖലകളിലൂടെ ദിനംപ്രതി കടന്നുപോകുന്ന നമ്മുടെയൊക്കെ ജീവന് ഈ സുരക്ഷ മതിയോ?  

ENGLISH SUMMARY:

Accidents in construction zones are a serious concern. This article discusses a recent fatal accident during the Aroor-Thuravoor flyover construction and highlights the lack of safety measures and the numerous accidents that have occurred in the area.