അര്‍ജന്‍റീന ടീമിന്‍റെ സന്ദര്‍ശനത്തിന്‍റെ പേരില്‍ കലൂര്‍ സ്റ്റേഡിയം സ്പോണ്‍സര്‍ക്ക് കൈമാറിയതില്‍ കള്ളക്കള്ളി തുടരുന്നു. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം കൈമാറിയത് കരാറില്ലാതെ. സ്പോണ്‍സറെ കണ്ടെത്താന്‍ സുതാര്യമായ നടപടികളുണ്ടായില്ല. കായികമന്ത്രിയുടെ കത്തായിരുന്നു ഇടപാടിന് വഴിയൊരുക്കിയത്. ജിസിഡിഎ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് കൈകഴുകുകയാണ് കായികമന്ത്രി വി അബ്ദുറഹ്മാന്‍.
അര്‍ജന്‍റീന മല്‍സരത്തിന് കലൂര്‍ സ്റ്റേഡിയത്തെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് സെപ്റ്റംബര്‍ 15ന് ജിസിഡിഎ ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്റ്റേഡിയം ഒരുക്കങ്ങള്‍ക്കായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് കൈമാറാന്‍ ജിസിഡിഎയോട് നിര്‍ദേശിച്ചത് കായിക ഡയറക്ടറാണ്. സെപ്റ്റംബര്‍ 19ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ ജിസിഡിഎയ്ക്ക് നല്‍കിയ കത്താണ് സ്റ്റേഡിയം കൈമാറ്റത്തിന് വഴിയൊരുക്കിയത്. സ്റ്റേഡിയം സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ഏറ്റെടുത്ത് സ്പോണ്‍സര്‍ക്ക് കൈമാറിയെന്നാണ് ജിസിഡിഎ ഇപ്പോള്‍ വിശദീകരിക്കുന്നത്. കൈമാറി എന്ന് പറയുന്നതിനപ്പുറം കരാറിനെക്കുറിച്ച് ജിസിഡിഎ മൗനം പാലിക്കുകയാണ്. സ്റ്റേഡിയം കൈമാറ്റത്തില്‍ ദുരൂഹതയോ? കൈമാറിയത് കരാറില്ലാതെയോ?