സംസ്ഥാനസര്‍ക്കാര്‍ പി.എം.ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ടെത്തി ചര്‍ച്ച നടത്തിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞ വാക്കുകളാണിത്. നിലപാടില്‍നിന്ന് ഒരടി പിന്നോട്ടുപോകാന്‍ സിപിഐ ഉദ്ദേശിക്കുന്നില്ല എന്ന് അടിവരയിട്ട് പറയുകയാണ് ബിനോയ് വിശ്വം. കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ള പണം സര്‍ക്കാരിന് പ്രധാനമാണെന്നാണ് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചത്. സിപിഐ മന്ത്രിമാരും മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ചു. നാല് മന്ത്രിമാര്‍ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നല്കി. മന്ത്രിസഭാ യോഗത്തില്‍ നിന്ന് മറ്റന്നാള്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കും എന്നാണ് അറിയുന്നത്. അതിനപ്പുറത്തേക്കുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമോയെന്നത് നാലാം തീയതി ചേരുന്ന സംസ്ഥാന കൗണ്സിലിലറിയാം. പിഎംശ്രീ മരവിപ്പിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും ആവശ്യപ്പെടുന്നു. അക്ഷരാര്‍ഥത്തില്‍ ആടിയുലയുകയാണ് ഇടതുമുന്നണിയെന്ന കപ്പല്‍. കപ്പിത്താനിറങ്ങിയിട്ടും കപ്പലിനെ നിയന്ത്രിക്കാനായിട്ടില്ല. ഈ വിഷയമാണ് നിങ്ങള്‍ പറയൂ ചര്‍ച്ച ചെയ്യുന്നത്. സിപിഐ ഏതറ്റംവരെ പോകും?