കോഴിക്കോട് പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലിസിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി രംഗത്തെത്തിയ ദിവസമാണിന്ന്. സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടായിരുന്നു ഷാഫി പറമ്പില്‍ മാധ്യമങ്ങളെ കണ്ടത്. 2023ല്‍ പിരിച്ചുവിട്ട അഭിലാഷ് ഡേവിഡ് എന്ന ഉദ്യോഗസ്ഥന്‍ ആണ് തന്നെ മര്‍ദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പിരിച്ചുവിട്ട ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരിച്ചെത്തിയത് എങ്ങനെയെന്നതാണ് എംപി ഉയര്‍ത്തുന്ന സുപ്രധാന ചോദ്യം. അഭിലാഷ് ഡേവിഡെന്ന ഈ ഉദ്യോഗസ്ഥന്റെ ക്രിമിനല്‍ ബന്ധവും ലൈംഗികാതിക്രമ പരാതി അട്ടിമറിച്ചതും കാരണം പിരിച്ചുവിടല്‍ നടപടിയിലേക്ക് കടന്നുവെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ പിന്നീട് അത് സസ്പെന്‍ഷനില്‍ ഒതുങ്ങി. ക്രിമിനല്‍ പൊലീസുകാര്‍ക്ക് സംരക്ഷണമൊരുക്കുന്നത് സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ശക്തമായ നടപടിയെടുത്തു എന്ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി പറയുമ്പോഴും പൊലീസില്‍ ക്രിമിനലുകള്‍ തുടരുകയാണോ? ആരാണ് ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്നത്?