2024 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ കാലം. മണ്ഡലം തൃശൂര്‍. വ്യാപകമായി ബജെപി ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കളള വോട്ടുകള്‍ ചേര്‍ക്കുന്നു എന്ന ആരോപണം അന്ന് തന്നെ ശക്തമായി സിപിഐയും കോണ്‍ഗ്രസും ഉന്നയിച്ചത് നമ്മള്‍ കണ്ടതാണ്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു നടപടി പോയിട്ട് ഒരു പരിശോധന പോലും നടത്തിയില്ല. ബിജെപി വിജയിച്ചു.സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി. അപ്പോഴും അട്ടിമറി നടന്നു എന്ന സിപിഐയുടേയും കോണ്‍ഗ്രസിന്‍റേയും ആരോപണം തുടര്‍ന്നെങ്കിലും അതിനപ്പുറം ഒന്നും നടന്നില്ല. രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച വോട്ടര്‍ പട്ടിക വിവാദത്തിന് പിന്നാലെ തൃശൂരിലും ആരോപണം കടുപ്പിക്കുന്നു വീണ്ടും സിപിഐയും കോണ്‍ഗ്രസും. പൂങ്കുന്നത്തെ ഫ്ളാറ്റില്‍ വാടകക്കാര്‍ അറിയാതെ ഒന്‍പതു കള്ളവോട്ടുകള്‍ ചേര്‍ത്തതായി ആ കുടുബം തന്നെ തുറന്ന് പറഞ്ഞതും നമ്മള്‍ കണ്ടു. ഇന്നിപ്പോള്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്ത് വന്നിരിക്കുന്നു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ മലപ്പുറം സ്വദേശിയുമായ വി. ഉണ്ണികൃഷ്ണന്‍ തൃശൂരിലും വോട്ടു ചെയ്തതായും തെളിഞ്ഞിരിക്കുന്നു. ഇത്രയൊക്കെയായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൗനം തുടരുകയാണ്. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമോ? തൃശൂരിലും കള്ളവോട്ടോ?