കീം പ്രവേശന പരീക്ഷയുടെ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതോടെ പ്രവേശന നടപടികള്‍ക്ക് തുടക്കമായി. ഓപ്ഷന് റജിസ്ട്രേഷന് ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇന്ന് വരാനാണ് സാധ്യത. എന്തായാലും ആദ്യത്തെ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി , മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു..ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ധൃതിയും പരിഷ്ക്കരണം കൊണ്ടുവരാനുള്ള അമിതാവേശവുമാണ് കിം റാങ്കു പട്ടികയിൽ സര്‍ക്കാരിന് തിരിച്ചടിയാകാന്‍ കരണം. മന്ത്രിമാർ പലരും ഇത്ര ധിറുതിപിടിച്ച് ഇത് നടപ്പാക്കണോ എന്ന് മന്ത്രിസഭാ യോഗത്തിൽ ചോദിച്ചെങ്കിലും പൊതു താൽപര്യം പരിഗണിച്ച് നടപ്പാക്കാം എന്ന നിലപാടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉറച്ചു നില്‍ക്കുകയായിരുന്നു.പിന്നീട് നടന്നത് എന്താണെന്നും കോടതിയില്‍ തിരിച്ചടി നേരിട്ട് പുതിയ റാങ്ക് ലിസ്റ്റ് വന്നത് വരെയുളള സംഭവവികാസങ്ങള്‍ നമ്മള് കണ്ടു. ഇന്നലെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ സംസ്ഥാന സിലബസ് പഠിച്ചവർ പിന്നോട്ടുപോയി. ഒന്നാം റാങ്ക് വരെ മാറിമറിഞ്ഞു. പരാതിയുമായി ഇവർ കോടതിയെ സമീപിച്ചാൽ പ്രവേശന പ്രക്രിയ വീണ്ടും താളം തെറ്റുമെന്നും നീണ്ടുപോകുമെന്നും ഉറപ്പാണ്.