മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതും നിരന്തരം നമ്മുടെ മലയോരത്തെ അലട്ടുന്ന വന്യജീവി ആക്രമണവുമാണ് നിങ്ങള്‍ പറയു പരിശോധിക്കുന്നത്. വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കും എന്ന് പറയുന്നതിന് അപ്പുറം ഒന്നും സംഭവിക്കുന്നില്ല എന്നതിന്‍റെ അവസാനത്തെ ഉദാഹരണം ആണ് കാളികാവില്‍ കൊല്ലപ്പെട്ട ഗഫൂര്‍. ഇന്ന് രാവിലെയാണ് പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തിലെ ടാപ്പിംഗിനിടെ 34-കാരന്‍ ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. കടുവ കടിച്ചു വലിച്ചുകാണ്ടുപോയ മൃതദേഹം നാട്ടുകാരുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയായിരുന്നു.
ആലോചിക്കണം, ഈ കടുവ ആക്രമണം ഉണ്ടായ ഇടം വനം ഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ്. സമയം രാവിലെ 7.30 ഉം. അതയാത് പകല്‍ വെളിച്ചത്തിലും നമ്മുടെ മലയോര കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമിയിലേക്ക് എത്താന്‍ പേടിക്കണം എന്നതിനുളള മറ്റൊരു അനുഭവം കൂടി. ഇത് ഒറ്റപ്പെട്ട സംഭവമേ അല്ല. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്, പക്ഷേ പരിഹാരം മാത്രം അകലെ. ഓരോ ആക്രമണം ഉണ്ടാകുമ്പോഴും നല്‍കുന്ന നഷ്ടപരിഹാരത്തിന് അപ്പുറം ഒരു ശാശ്വത പരിഹാരം ഇല്ലാത്തത് എന്തുകൊണ്ടാണ്? കാളികാവില്‍ ഉള്‍പ്പടെ പല ഇടങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണെന്ന് പലതവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഇതുവരേയും വനംവകുപ്പ് നടപടിയോ മുന്‍കരുതലോ എടുക്കാത്തത് എന്തുകൊണ്ടാണ്?