ചിത്രശലഭങ്ങൾക്ക് പിന്നാലെയാണ് കൊച്ചി മരട് സ്വദേശിനി വിജിതയുടെ യാത്രകൾ. ആ യാത്ര ചെന്നവസാനിച്ചത് ഗിന്നസ് റെക്കോർഡ് നേട്ടത്തിലും. ഏഷ്യയിൽ മാത്രം കണ്ടുവരുന്ന 20 വ്യത്യസ്ത ഇനം ചിത്രശലഭങ്ങളുടെ 2023 ചിത്രങ്ങളാണ് വിജിത ശേഖരിച്ചത്.
യാത്രകൾക്കിടയിൽ തോന്നിയ കൗതുകത്തിലാണ് വിജിത ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. പിന്നീട് യാത്രകൾ എല്ലാം ചിത്രശലഭത്തെ തേടിയായി. ചിത്രശലഭങ്ങളുടെ ശരിയായ വലിപ്പത്തിലുള്ള ചിത്രങ്ങൾ. ബുദ്ധമയൂരി, കൃഷ്ണശലഭം, കോമൺ ടൈഗർ തുടങ്ങി വ്യത്യസ്തയിനം ശലഭങ്ങളെയാണ് പേപ്പർ രൂപത്തിലാക്കി മാറ്റിയത്. അത്ര എളുപ്പമായിരുന്നില്ല ചിത്രശേഖരണം.
2019ൽ ഉപയോഗശൂന്യമായ കടലാസുകൾ കൊണ്ട് പാവകളെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരുന്നു. പ്രകൃതിയോടുള്ള സ്നേഹവും യാത്രയോടുള്ള കൗതുകവുമാണ് തന്റെ നേട്ടങ്ങൾക്കു പിന്നിലെന്ന് വിജിത പറയുന്നു.