കേന്ദ്ര ഏജന്സി ഇ.ഡി കേരളത്തില് ഒരു മന്ത്രിയെയോ മറ്റ് വിഐപികളെയോ ഒന്നും ചോദ്യംചെയ്യാന് വിളിച്ചുവരുത്തുന്നത് മുന്പ് നടക്കാത്തതല്ല. പക്ഷെ അവിടെയൊക്കെ ഇന്നുണ്ടായ പോലെയൊരു ധൃതിയോ രീതിയോ നമ്മള് കണ്ടിരുന്നോ? ഹൈക്കോടതിയുടെ ഗോ എഹെഡ് കിട്ടിയശേഷം പിണറായി വിജയനെ വിളിപ്പിക്കാന് ഇഡി തീരുമാനിക്കുന്നു. പക്ഷെ പിന്നെയിന്ന് കണ്ടത് അസാധാരണമായ ചിലതാണ്. രാവിലെ രണ്ടുവട്ടമായി തിരുവനന്തപുരത്തെ കഴിഞ്ഞ മേയില് റെയ്ഡ് നടന്ന അതേ വീട്ടില് ഇഡി എത്തുന്നു. പക്ഷെ പിണറായി സ്ഥലത്തില്ല. വീട്ടുകാരോ ജീവനക്കാരോ സമന്സ് കൈപ്പറ്റുന്നില്ല. രണ്ടാമത് മടങ്ങിയ സംഘം പിന്നാലെ പൊലീസുമായെത്തി വീടിന്റെ ചുമരില് സമന്സ് പതിപ്പിക്കുന്നു. പൊലീസിനെ സാക്ഷിയാക്കി. എന്തിനാവും ഇത്? പിണറായി സ്ഥലത്തില്ല, വീട്ടിലുള്ളവര് കൈപ്പറ്റിയില്ലെങ്കില് ആദ്യശ്രമത്തില്ത്തന്നെ ഇതാണോ ഒരു അന്വേഷണ ഏജന്സിയുടെ രീതി? കേരളത്തിന്റെ പ്രതിപക്ഷനേതാവ് കണ്ടുകിട്ടാത്ത, നാടുവിട്ടൊരാളാണോ? ഇഡിയുടെ നീക്കത്തിന് സംസ്ഥാന സര്ക്കാരിന്റെ ഒത്താശയെന്ന ആരോപണം ഇന്നും സിപിഎം ഉന്നയിക്കുന്നു. സിപിഎം മാത്രമാണോ സര്ക്കാരിനെതിരെ രംഗത്തുവരുന്നത്? അല്ല. ബിജെപിക്കുണ്ട് ആരോപണം, പിണറായിയുമായി ചേര്ന്ന് നടപടികളില് മെല്ലെപ്പോക്കെന്ന്. ശരി, സിപിഎമ്മിനും ബിജെപിക്കും രാഷട്രീയാരോപണമുണ്ട്. ഇവിടെ വിചിത്രമായ കാര്യം അങ്ങനെ രാഷ്ട്രീയ എതിരാളികള്ക്ക് മാത്രമല്ല സര്ക്കാര് നടപടിയില് പ്രശ്നമെന്നതാണ്. കോണ്ഗ്രസില് മാത്യു കുഴല്നാടനും ജിന്റോ ജോണിനും പിന്നാലെ കരുനാഗപ്പള്ളി എംഎല്എ സിആറ് മഹേഷും ചോദിക്കുന്നു, എന്എന്പിള്ളയുടെ കഥാപാത്രം അഞ്ഞൂറാന്റെ ടോണില്, പഴയതൊക്കെ മറക്കണോയെന്ന്. അപ്പോള് സര്ക്കാര് എന്തെങ്കിലും മറന്നോ?