കേരളത്തിന്റെ മുഖ്യമന്ത്രി നാട്ടിലൊരു ദുരന്തമുണ്ടായാല്‍ ഉടനെ പോകണ്ടേ? പോകണം. എങ്ങനെ പോകണം? സ്വന്തം സര്‍ക്കാരിന്റെ ഫണ്ട്, അതായത്, ഞാനും നിങ്ങളുമെല്ലാം കൊടുക്കുന്ന നികുതിപ്പണംകൂടി ചേര്‍ന്ന പൊതുമുതലില്‍നിന്ന് എടുത്ത് പോകണം. അല്ലാതെ ഏതെങ്കിലും ധനാഢ്യന്‍ സൗജന്യമായി കൊടുത്തയയ്ക്കുന്ന വിമാനത്തിലല്ല. നിഷ്കാമകര്‍മികളായ പണക്കാരുണ്ടാകും, എല്ലാവരും അങ്ങനെയല്ല. ഒന്ന് കൊടുത്താല്‍ പത്ത് തിരിച്ചുവാങ്ങാനറിയാവുന്നവരെ ഈ രാജ്യവും കണ്ടിട്ടുണ്ടാകുമല്ലോ. അപ്പോള്‍ സര്‍ക്കാര്‍ പണമുപയോഗിച്ച് പറക്കണം മുഖ്യമന്ത്രി. അതല്ല, ഇങ്ങനെ പോയതില്‍ തെറ്റില്ലെന്ന് ഉറച്ചുനില്‍ക്കുന്നെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതെങ്കിലും പറയണം, ആരാണ് അത്? ആരുടേതാണ് വിമാനം എന്നെങ്കിലും. അതുപോലും പറയില്ലെന്ന മുഖ്യമന്ത്രിയുടെ ശാഠ്യം ആശങ്കപ്പെടുത്തുന്ന, സംശയം ഉണര്‍ത്തുന്ന വിസ്മയമാകുമെന്ന് പറയാതെ തരമില്ല. രാജ്യത്താകെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെയാണ് എന്നാണെങ്കില്‍, പിണറായിയും ഇങ്ങനെയായിരുന്നു എന്നാണെങ്കില്‍, അന്ന് വിമര്‍ശിക്കണമായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവ്. പിന്നെ പിണറായിയുടെ തുടര്‍ച്ചയാകാനൊരു തീരുമാനവും കേരള ജനത വിഡി സതീശന് നല്‍കിയിട്ടില്ലല്ലോ. ഇന്നോവ ക്രിസ്റ്റയ്ക്ക് പനിപിടിച്ചാലുടന്‍ നമ്മുടെയൊരു മന്ത്രിക്ക് റേഞ്ച് റോവറേ പറ്റൂ കൊടിവച്ച് പറക്കാനെങ്കില്‍ അതിലൊരു പ്രശ്നവും മുഖ്യമന്ത്രി കാണുന്നില്ല എങ്കില്‍ അതിലൊരു വലിയ പ്രശ്നമുണ്ട്. റേഞ്ച് റോവറിന് പകരം ഇന്നാട്ടിലെ സാധാരണക്കാര്‍ ഉപയോഗിക്കുന്നൊരു വാഹനത്തില്‍ മന്ത്രി ഷാജി രണ്ടുദിവസം സഞ്ചരിച്ചിരുന്നെങ്കില്‍ അതൊരു കേരള സ്റ്റോറിയല്ല, ഇന്ത്യന്‍ സ്റ്റോറിയായേനെ. പക്ഷെ അതല്ലല്ലോ താല്‍പര്യം. എന്തുകൊണ്ടാണ് എല്‍ഡിഎഫ് നിലംതൊടാതെ പതിച്ചത് എന്നെങ്കിലും ഈ സര്‍ക്കാര്‍ ഓര്‍ക്കണം, അപ്പോള്‍,,,, ഇത്ര പെട്ടെന്ന് ജനത്തെക്കൊണ്ട് ചീത്തപറയിക്കണോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.