കേരളത്തിന്റെ തലസ്ഥാന നഗരം വിദ്യാര്‍ഥി യുവജന സംഘടനകളുടെ പ്രതിഷേധങ്ങളില്‍ കുലുങ്ങിയ രണ്ട് പകലുകളാണ് കടന്നുപോയത്. ഇന്നലെ ആദ്യം ഡിവൈഎഫ്ഐ, പിന്നാലെ എസ്എഫ്ഐ. ഇന്ന് വീണ്ടും എസ്എഫ്ഐ. പ്രതിഷേധവും മാര്‍ച്ചുമെല്ലാം ജനാധിപത്യപരമായ അവകാശമാണ്.പക്ഷെ ഇങ്ങനെ സമരപരമ്പരകള്‍ക്കൊരു കാരണം ഇവിടെയുണ്ടോ? എംഡിഎംഎ കേസ് അട്ടിമറി ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന നേതൃത്വമടക്കം സമരത്തിനിറങ്ങിയത്. എംഡിഎംഎ കേസില്‍ എന്താണ് അട്ടിമറി.? ആരെ പിടിച്ചില്ല എന്നാണ് ഡിവൈഎഫ്ഐയുടെ പരാതി? ഓണാഘോഷ സമാപനവേദിക്ക് പിന്നാലെ കേരള യൂണിവേഴ്സിറ്റിയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ വന്ദേമാതരആലാപനമാണ് എസ്എഫ്ഐയുടെ പ്രശ്നം. പ്രധാനമന്ത്രിയോ ഗവര്‍ണറോ ഒക്കെയുള്ള പരിപാടിയില്‍ പൂര്‍ണമായി പാടണമെന്ന് പ്രോട്ടോക്കോളില്ലേ? അതില്‍ ആരോടാണ് എസ്എഫ്ഐയുടെ പ്രശ്നം. പാടണമെന്ന് നിര്‍ബന്ധിക്കുന്ന കേന്ദ്രസര്‍ക്കാരിനോടോ അതോ ആ പരിപാടിയില്‍ നമ്മുടെ മന്ത്രിമാര്‍ പങ്കെടുത്തതിനോടോ? വിഡി സതീശന്‍ സര്‍ക്കാര്‍ ആര്‍എസ്എസ് ഏജന്റ് എന്ന ആക്ഷേപത്തിന് അടിസ്ഥാനമെന്താണ്? ഇനി മറുപക്ഷത്തോട്. കേരളത്തിന്റെ ഓണാഘോഷ സമാപനച്ചടങ്ങ് കേരളത്തിന്റെ തീരുമാനമാണ്. അവിടെ ഉപരാഷ്ട്രപതിവന്നാല്‍ വന്ദേമാതരവും വരുമെന്നറിയാത്തവരോ നമ്മുടെ സര്‍ക്കാര്‍? ഭാരതാംബ വിവാദത്തിനിടെ പരിപാടിയില്‍നിന്ന് വിട്ടുനിന്ന വി.ശിവന്‍കുട്ടിയുടെയും പി.പ്രസാദിന്റെയും മാതൃക നമ്മുടെ യുവമന്ത്രിമാരായ റോജി എം ജോണും ഒജെ ജനീഷും കാണാത്തതാണോ? അതോ വന്ദേമാതരം പൂര്‍ണമായി പാടുന്ന വേദിതന്നെ, അതിന്റെ ഉത്തരവാദിത്തമില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിക്കണം എന്നാണോ? ഇക്കണ്ട സമരങ്ങള്‍ കേരളത്തോട് പറയുന്നതെന്താണ്?