രാജ്യതലസ്ഥാനത്ത് യുവാക്കളെ കേന്ദ്ര പൊലീസ് കൈകാര്യം ചെയ്ത രീതിയാണ് കണ്ടത്. ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവുമായി നേരിട്ടത് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷ ക്രമക്കേടിലും പ്രതിഷേധിച്ചവരെ. പാർലമെൻറ് മാർച്ചിനെത്തുന്നവരെ അടിച്ചോടിച്ചാൽ അവര്‍ ഉന്നയിച്ച വിഷയത്തിന്‍റെ ഗൗരവം ഇല്ലാതാകുമോ? നിരാഹാര സമരം നടത്തുന്നവരെ തട്ടിക്കൊണ്ടുപോയാൽ സമരം അപ്രസക്തമാകുമോ? യുവശക്തിയെക്കുറിച്ച് പുളകം കൊള്ളുന്ന പ്രധാനമന്ത്രി, യുവാക്കള്‍ ഉന്നയിക്കുന്ന പൊള്ളുന്ന വിഷയങ്ങളോട് മൗനം പുലര്‍ത്തുന്നതെന്ത്? രാജ്യത്തെ കുപ്രസിദ്ധമായ ചോദ്യപ്പേപ്പർ ചോർച്ചകളിലും മൂല്യനിർണയ അട്ടിമറികളിലും തിളക്കുന്ന യുവരോഷത്തെ അടിച്ചമര്‍ത്തുന്നതോ ജനാധിപത്യത്തിന്‍റെ മാതാവിന് ഭൂഷണം? നീറ്റ് അടക്കം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന സുപ്രധാനമായ പരീക്ഷകളിലെ അപമാനകരമായ ചോദ്യച്ചോർച്ചക്കും സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിലെ അതിഗുരുതര വീഴ്ചകൾക്കും ആരാണ് ഉത്തരവാദി? പരീക്ഷ പേ ചർച്ച നടത്തി വിദ്യാർത്ഥികളെ ആവേശഭരിതരാക്കുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ലാത്തതെന്ത്?