ഒറ്റപ്പെട്ടതെന്ന വാക്ക് ഇത്രമേല്‍ പരിഹാസ്യമായ കാലമുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. നെടുമങ്ങാട് ആശുപത്രിയില്‍ പ്രസവചികിത്സയ്ക്ക് എത്തിയപ്പോള്‍ ഹസ്ന ഫാത്തിമയെന്ന യുവതി അനുഭവിച്ച, ഒരുപക്ഷെ, നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വേദനകളും ദുരിതവുമാണ് ആദ്യം കേട്ടത്. അഞ്ച് വര്‍ഷം വയറ്റില്‍ കത്രികയുമായി കഴിഞ്ഞ ഹര്‍ഷീനയ്ക്ക് നീതി ഇനിയും അകലെയാണ്. പേരുകള്‍ എടുത്തുപറഞ്ഞാല്‍ അങ്ങനെ നിരവധിയുണ്ട്, ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ നമ്മള്‍ കണ്ട ഉഷ ജോസഫ് അടക്കം. തകര്‍ന്നു തരിപ്പണമായെന്ന് മന്ത്രി തന്നെ പറയുന്ന ആരോഗ്യവകുപ്പെന്ന സിസ്റ്റത്തില്‍ ഇരകള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതാണ് തെറ്റ്. സംഘടിത ശക്തിയില്ലാത്ത പാവങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും അത് ഒറ്റപ്പെട്ടതായി മാറും. പിന്നെയും, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് ആവര്‍ത്തിക്കുമ്പോള്‍, ആര്‍ക്കൊപ്പം എന്നതാണ് ഉയരുന്ന ചോദ്യം.