വിശ്വമാനവികതയുടെ മഹാസംഗമമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചിലവെത്ര ? കഴിഞ്ഞ വർഷം സെപ്റ്റംബർ 20 ന് നടന്ന സംഗമത്തിൻറെ കണക്കുകൾ 45 ദിവസത്തിനകം സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. രണ്ട് തവണ സമയം നീട്ടിച്ചോദിച്ച് ഒടുവിൽ കോടതി അന്ത്യശാസനം നൽകിയതോടെ നാലര മാസത്തിന് ശേഷം സമർപ്പിച്ച കണക്കിലും പൊരുത്തക്കേടുകൾ മാത്രം. ഓഡിറ്റ് നടത്തിയവർക്ക് മുന്നിൽ ഉപകരാറുകളില്ല, ബില്ലുകളില്ല, സ്പോൺസർഷിപ്പിൻറെ കൃത്യമായ കണക്കില്ല. ദേവസ്വം ബോ‍‍ര്‍ഡിൽ നിന്ന് മുൻകൂറായി വാങ്ങിയതിൽ 2 കോടി തിരിച്ചടച്ചിട്ടില്ല.

 

നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് സംഗമത്തിനെത്തിയ അതിഥികള്‍ക്കായി എത്രമുടക്കിയെന്നറിയില്ല. നടക്കാത്ത ഭജനയ്ക്കും വാങ്ങാത്ത മെത്തയ്ക്കും നൽകിയെന്ന് അവകാശപ്പെടുന്ന പ്രസാദത്തിനും ചെലവാക്കിയ തുക കണ്ട് ഹൈക്കോടതിക്കും സംശയമേറുന്നു. അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രിക്ക് വൻതുക മുടക്കി കിടക്കവാങ്ങിയെന്നതും അതിഥികൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുറിയെടുത്തതും ഭക്ഷണത്തിന് വാരിക്കോരികൊടുത്തതും കണ്ട് കഠിനവ്രതമെടുത്ത് മലചവിട്ടുന്ന ആഗോളരല്ലാത്ത അയ്യപ്പ ഭക്തർ അമ്പരക്കുന്നു.  

 

എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുകയാണ് ദേവസ്വം മന്ത്രിയും സംഗമകാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റും. ഓ‍ഡിറ്റ് ചെയ്യും മുമ്പ്  കോടതിയിൽ കൊടുത്ത ഇടക്കാല കണക്കുമായി ആളുകളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുകയാണ് മുന്‍ ദേവസ്വം പ്രസിഡന്‍റ്. സംഗമത്തിന് മുന്നിൽ നിന്ന മന്ത്രിയാകട്ടെ എല്ലാം ബോർഡിന് മേൽവച്ച് കൈകഴുകുന്നു. പമ്പയില്‍ മുക്കിയത് എത്രകോടി ? കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു.

ENGLISH SUMMARY:

Global Ayyappan Sangamam costs are under scrutiny after the High Court ordered the submission of financial statements. Discrepancies and missing documentation have raised serious concerns about the event's expenditure.