തിരുവനന്തപുരത്തു നിന്ന് കാസര്‍കോഡ് വരെ അതിവേഗം എത്തുക എന്ന മലയാളിയുടെ സ്വപ്നം മാറിമാറി വന്ന സർക്കാരുകൾ വിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. യുഡിഎഫ് കാലത്തെ എക്സ്പ്രസ് പാത മുതൽ ഇന്നലെ ബജറ്റിൽ 100 കോടി വകയിരുത്തിയ RRTS വരെ അത് നീളുന്നു. പിണറായി സര്‍ക്കാര്‍ ആദ്യം അവതരിപ്പിച്ച സില്‍വര്‍ ലൈനിനെ തുടര്‍ന്ന് സംസ്ഥാനമാകെ കത്തിപ്പടർന്ന മഞ്ഞക്കുറ്റി വിരുദ്ധ സമരം സമീപകാലത്തെ ഏറ്റവും വലിയ ജനകീയപ്രതിരോധമായിരുന്നു. അന്ന് മുഖ്യമന്ത്രി നടത്തിയ കെ റെയിൽ വരുംകേട്ടോ.....എന്ന പ്രഖ്യാപനം ഇപ്പോള്‍ കേരളം കേട്ട ഏറ്റവും വലിയ തമാശകളിലൊന്നായി മാറി. കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് തിരികെയെത്താമെന്ന വാഗ്ദാനം പാര്‍ട്ടി സെക്രട്ടറിയും വിഴുങ്ങിയ മട്ടാണ്. ആ വഴി ഒഴുകിപ്പോയത് 51 കോടിയാണ്. ഇപ്പോള്‍,പിണറായി വിജയന്‍ RRTS പറയുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന് ഒരു ക്ലൂവുമില്ലാത്ത അതിവേഗ റെയിലുമായി കേന്ദ്ര പിന്തുണയോടെ മെട്രോ മാൻ ഇ ശ്രീധരൻ രംഗത്തിറങ്ങിയിരിക്കുന്നു.. മറ്റന്നാൾ കേന്ദ്രബജറ്റിൽ കേളത്തിന് അതിവേഗ റെയിലുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് കേന്ദ്രപക്ഷപാതികൾ. ഇനിയും ആരും ഊരിയിട്ടില്ലാത്ത നൂറുകണക്കിന് മഞ്ഞക്കുറ്റികളുടെ നടുവിൽ ജീവിക്കുന്ന മനുഷ്യരുടെ ആശങ്കകൾ വേറെ. കേരളം ഏതു വേഗപ്പാതയിൽ ഓടും? സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം എത്രയാണ്?