തുലാമാസ പൂജകള്‍ക്കായി പതിവുപോലെ ശബരിമല ക്ഷേത്രനട തുറന്നു. പതിവില്ലാത്തൊരു കാഴ്ചകൂടി സന്നിധാനത്ത് എത്തിയവര്‍ നേരിട്ടും അല്ലാത്തവര്‍ ടെലിവിഷനിലൂടെയും കണ്ടു. ദ്വാരപാലകശില്‍പത്തില്‍ സ്വര്‍ണപ്പാളി വയ്ക്കുന്ന കാഴ്ച. അതേ സ്വര്‍ണപ്പാളി, വിശ്വാസികളുടെ പാവനകേന്ദ്രത്തില്‍നിന്ന് ഗൂഢാലോചന നടത്തി കടത്തിക്കൊണ്ടുപോയി സ്വര്‍ണം അടിച്ചുമാറ്റിയ അതേ പാളി. യാദൃശ്ചികമാണോ എന്നറിയില്ല, ശബരിമലയില്‍ സ്വര്‍ണപ്പാളി സ്ഥാപിക്കുന്ന അതേ ദിവസം സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നു. രണ്ടാഴ്ച കൂടി പോറ്റിയുണ്ട് പൊലീസ് കസ്റ്റഡിയില്‍. മാധ്യമങ്ങളോട് പോറ്റി പറഞ്ഞ ഒരേയൊരു വാചകം നമ്മള്‍ കേട്ടു, എന്നെ കുടുക്കിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരൊക്കെയാണത്? ആരിലേക്കൊക്കെ അന്വേഷണസംഘം എത്തും? ആരൊക്കെ നിയമവഴിയില്‍ നടപടിക്ക് വിധേയരാകും? മതിയായ സമയം പൊലീസ് കസ്റ്റഡിയില്‍ പോറ്റി ഉണ്ടെന്നിരിക്കെ, ആര്‍ക്കൊക്കെയാകും നെഞ്ചിടിപ്പ്?