വിവാദങ്ങള്‍ വരുന്നൊരു വഴി നോക്കണേ. പരിസ്ഥിതി ചിന്തകളുടെ പകല്‍ എങ്ങനെ മറ്റൊന്നിന്റെ പിന്നാലെയുള്ള വിവാദയാത്രയായി എന്നുകൂടിയാണ്. കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ നടത്താന്‍ എല്ലാം സജ്ജം. മന്ത്രിയും ഉദ്യോഗസ്ഥരുമടക്കം പങ്കെടുക്കാനിരിക്കെ, രാജ്ഭവനിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രവും പുഷ്പാര്‍ച്ചനയ്ക്കുള്ള ഒരുക്കവും. ഇത് നടപ്പില്ലെന്ന് പ്രഖ്യാപിച്ച് കൃഷിമന്ത്രി പി.പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്ക് മാറ്റി. പിന്നാലെയുണ്ടായ പ്രതികരണങ്ങളാണ് നമ്മള്‍ തുടക്കത്തില്‍ കേട്ടത്. ഭരണഘടനാവിരുദ്ധമെന്ന് കൃഷിമന്ത്രിക്കുപിന്നാലെ ഇടതുപക്ഷമാകെ നിലപാടെടുത്തു. പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും വന്നു. പക്ഷെ കൂറ് പാക്കിസ്ഥാനോടോ എന്ന് സിപിഐയോട് ചോദിച്ച് ബിജെപി നേതാക്കള്‍ വരുന്നു, പാക് പതാകയ്ക്ക് മുന്നില്‍ വിളക്കുകൊളുത്തണമെന്നാണോയെന്ന് വി.മുരളീധരന്‍. ഏറ്റവുമൊടുവില്‍ മറ്റൊരു ചടങ്ങില്‍ നിലപാട് കടുപ്പിച്ചുതന്നെ ഗവര്‍ണറും. രാജ്ഭവനിലെ വേദിയില്‍നിന്ന് ചിത്രം മാറ്റില്ല, ഭാരതാംബ രാജ്യത്തിന്‍റെ അടയാളമെന്നും രാജേന്ദ്ര അര്‍ലേക്കര്‍. പക്ഷെ ഇതാരുടെ ഭാരതാംബ എന്നതാണ് ചോദ്യം. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു, കാവിക്കൊടിയേന്തിയ ഭാരതാംബ ഭരണഘടനാസ്ഥാപനത്തില്‍ ഇടംപിടിക്കാമോ? ആ ഭാരതാംബയെ നാട്ടിലെ മന്ത്രി അംഗീകരിച്ചില്ലെങ്കില്‍ അതിലെന്താണ് പ്രശ്നം?