സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംഎ ബേബി ഇന്നലെ തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്‍റെ മുഖാമുഖത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കേരള സമൂഹത്തിന്റെ കാരണവര്‍ എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, പ്രായംകൊണ്ട്, അനുഭവ സമ്പത്തുകൊണ്ട്, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത കൊണ്ട് നമ്മുടെ കുടുംബത്തിലൊരു കാരണവരുണ്ടെങ്കില്‍ ആ കാരണവരെ എങ്ങനെയാണോ കാണുക, അതുപോലെ കേരളീയ സമൂഹത്തിന്റെ കാരണവരായി പിണറായി വിജയന്‍ മാറി. പിണറായിയെ ആരാധകവൃന്ദം ക്യാപ്റ്റനെന്നും കാവലാളെന്നും ഇരട്ടച്ചങ്കനെന്നും കാരണഭൂതനെന്നുമെല്ലാം വിളിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. അതിനെല്ലാമപ്പുറം കാരണവരെന്ന് പാര്‍ട്ടി ക്യാപ്റ്റന്‍ വിളിക്കുമ്പോള്‍ അതിനെ നമ്മുടെ നാട് എങ്ങനെയാണ് കാണുന്നത്? വിയോജിപ്പുകള്‍ക്കിടയിലും യോജിക്കാവുന്ന ഒന്നായി നമ്മുടെ പ്രതിപക്ഷം ഈ വിശേഷണത്തെ കാണാന്‍ തയാറുണ്ടോ? പിണറായി കേരളത്തിന്റെ കാരണവരോ?