വോട്ട് പിടിക്കാനോ റേഷന്‍ കടകളിലെ മോദി ഗ്യാരന്‍റി?

നാട്ടിലാരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ന്യായവില ഷോപ്പുകളില്‍, റേഷന്‍ കടകളിലെന്തിനാണ് പ്രധാനമന്ത്രിയുടെ കട്ടൗട്ടും ബാനറും അടക്കമുള്ള സെല്‍ഫി പോയന്റ്? എന്തിനായാലും അതുറപ്പാക്കാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്ത് ആവശ്യപ്പെടുന്നത്. പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ബാനര്‍ രാജ്യത്തെ അഞ്ചരലക്ഷം വരുന്ന റേഷന്‍ കടകളില്‍ വയ്ക്കാനും നരേന്ദ്രമോദിയുടെ കട്ടൗട്ടും മോദിയുടെ ഗാരന്റി എന്നെഴുതിയ ബാനറുമുള്ള സെല്‍ഫി പോയന്റ് ഇരുപതിനായിരം ഇടത്ത് സ്ഥാപിക്കാനുമാണ് തീരുമാനം. ഇതിന്റെ പുരോഗതി അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. ഈ വിഷയം ഇന്ന് നിയമസഭയില്‍ വന്നപ്പോള്‍ വകുപ്പുമന്ത്രിക്ക് പിന്നാലെ എഴുന്നേറ്റ് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞ്, ഇതിവിടെ നടപ്പില്ല. ഇതുവരെയില്ലാത്ത പ്രചാരണ പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നതെന്നും ഇത് ലോക്സഭ ഇലക്ഷന്‍ മുന്നില്‍ക്കണ്ടാണെന്നും പിണറായി വിജയന്‍. അപ്പോള്‍ ചോദ്യം എന്തിനാണീ പറഞ്ഞിടത്ത് സെല്‍ഫി പോയന്റും പ്രചാരണവും? കേരളം സമ്മതിച്ചില്ലെങ്കില്‍ കേന്ദ്രം എന്തുചെയ്യും?