അവതാരലക്ഷ്യം നേടിയോ 2000? കേന്ദ്രസര്‍ക്കാര്‍ ഒന്നും പറയാത്തതെന്ത്?

2016 നവംബര്‍‌ എട്ടിന് രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഒരു പ്രഖ്യാപനം ആരും മറന്നിരിക്കില്ല. അത്ര എളുപ്പം മറക്കാന്‍ പറ്റുന്ന ഒന്നായിരുന്നില്ലല്ലോ അത്. നോട്ട് നിരോധനം. ഏഴ് വര്‍ഷം ഇപ്പുറവും ആ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ റിസല്‍ട്ട് തര്‍ക്കവിഷയമാണ്. പ്രധാനമന്ത്രി തന്നെ അതേക്കുറിച്ച് ഒന്നും പറയാറില്ല. അങ്ങനെയിരിക്കെ ഇന്നലെ വൈകിട്ട് റിസര്‍വ് ബാങ്കിന്റെ വക ഒരു വമ്പന്‍ പ്രഖ്യാപനം. രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു. ബാങ്കുകള്‍ ഇനി രണ്ടായിരം രൂപ നോട്ട് നല്‌കരുത്. നോട്ട് മാറിയെടുക്കാന്‍ സെപ്റ്റംബര്‍ 30വരെ സമയം. തുടര്‍ന്നും വിനിമയത്തിന് ഉപയോഗിക്കാം എന്നുകൂടി അപെക്സ് ബാങ്ക്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായൊന്നും കേട്ടില്ലെങ്കിലും പ്രതിപക്ഷം ആഞ്ഞടിച്ച് രംഗത്തുവന്നു. രാഷ്ട്രീയലക്ഷ്യത്തോടെയാണ് ആര്‍ബിഐ നീക്കമെന്ന് ആക്ഷേപം. കര്‍ണാടക തോല്‍‌വി മറയ്ക്കാനുള്ള തന്ത്രമെന്ന് ആരോപണം. കറന്‍സിയുടെ വിശ്വാസ്യത കളയുന്ന ആലോചനയില്ലാത്ത നീക്കമെന്നും പ്രതിപക്ഷം. അപ്പോള്‍ ചോദ്യം എന്തിനാണ് ഇപ്പോള്‍ ഈ പ്രഖ്യാപനം? 2000 വന്നതെന്തിന്? എന്തുനേടി? ഇപ്പോള്‍‌ തിരിച്ചുപോകുന്നതെന്തിന്?