പ്രതിപക്ഷ അവകാശങ്ങളില്‍ സര്‍ക്കാര്‍ നിലപാടെന്താണ്? സഭയില്‍ ഫാസിസമോ?

ഇന്നലെയില്‍ത്തന്നെ നിന്നു നമ്മുടെ നിയമസഭ ഇന്ന്. നിലപാടില്‍ ഒരടി ആരും പിന്നോട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കപ്പെടാതെ ഒന്നിനുമില്ലെന്ന് പ്രതിപക്ഷം. എല്ലാ വിഷയത്തിലും റൂള്‍ 50 പ്രകാരം അടിയന്തരപ്രമേയം പറ്റില്ലെന്ന് മുഖ്യമന്ത്രി. സ്പീക്കര്‍ വിളിച്ച പ്രശ്നപരിഹാരയോഗം ഫലം കാണാതെ പിരിഞ്ഞു. ചോദ്യോത്തരവേള തുടങ്ങിയെങ്കിലും ഒന്നും മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇന്നലെ സ്പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് കേസെടുത്തു. വാച്ച് ആന്റ് വാര്‍ഡിന്റെ പരാതിയില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്. പ്രതിപക്ഷ എംഎല്‍എയുടെ പരാതിയില്‍ രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്ക് ജാമ്യം കിട്ടാവുന്ന വകുപ്പില്‍ കേസ്. സഭ ടിവി ഇങ്ങനെ പോകാന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബന്ധപ്പെട്ട ഫോറത്തില്‍നിന്ന് പിന്മാറിയതാണ് ഇന്നുണ്ടായ മറ്റൊന്ന്. അപ്പോള്‍ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍. പ്രതിപക്ഷ അവകാശങ്ങളില്‍ സര്‍ക്കാര്‍ നിലപാടെന്താണ്? അത് അവകാശങ്ങളെ ഹനിക്കുന്നതോ? പ്രതിഷേധങ്ങളോട് സഭ ടിവി കാണിക്കുന്ന സമീപനം സര്‍ക്കാരിനെ തുറന്നുകാട്ടുന്നതോ? ഇതെങ്ങോട്ടാണ് കേരള നിയമസഭ?