Counter-Point
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതി സില്‍വര്‍ലൈന്‍ റയില്‍വേ ഇപ്പോള്‍ തണുത്തിരിക്കുകയാണ്. സര്‍വേയില്ല, മറ്റ് നീക്കങ്ങളില്ല. പ്രത്യേകിച്ച് തൃക്കാക്കര ജനവിധിക്കാലം മുതല്‍. പക്ഷെ സര്‍ക്കാര്‍, മുഖ്യമന്ത്രി എല്ലാം ശുഭപ്രതീക്ഷയിലാണ്. അനുമതി കിട്ടിയാല്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന നിലപാടിലുമാണ്. പദ്ധതി അങ്ങനെയൊക്കെ ഇരിക്കെ ഒരു നിര്‍ണായക നീക്കം കേരള സര്‍ക്കാരില്‍നിന്ന്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വിഭാവനം ചെയ്ത പദ്ധതി കര്‍ണാടകയിലെ മംഗളൂരുവിലേക്ക് നീട്ടാന്‍ താല്‍പര്യവുമായി സര്‍ക്കാര്‍. ഈ വിഷയം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സുപ്രധാന യോഗത്തിന് അജണ്ടയായി എത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ യോഗം പക്ഷെ ഇത് പരിഗണിച്ചില്ല. അതിനുമുമ്പുതന്നെ ഇതും നിലമ്പൂര്‍ നഞ്ചന്‍കോട് അടക്കം കര്‍ണാടകയുമായി സഹകരിക്കേണ്ട പദ്ധതികള്‍ ഈമാസം ബംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് കേരള മുഖ്യമന്ത്രി നിലപാടെടുക്കുന്നു. അപ്പോള്‍ ചോദ്യം. ഈ നീക്കം വഴി പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്? പദ്ധതി കേള്‍ക്കുന്ന കര്‍ണാടക കേരളത്തോട് എന്തുപറയുമെന്ന് പ്രതീക്ഷിക്കണം?