പുതിയ യുവത്വത്തിന് വിവാഹം വേണ്ടേ? യൂസ് ആന്റ് ത്രോ സ്വാധീനിച്ചോ?

കേരളം ഒരിക്കല്‍ കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. പക്ഷെ ഇന്ന് സ്വാര്‍ഥ കാരണങ്ങള്‍ക്കോ വിവാഹേതര ബന്ധങ്ങള്‍ക്കോ വേണ്ടി കുട്ടികളെപ്പോലും ഓര്‍ക്കാതെ ബന്ധം പൊട്ടിക്കുന്നതാണ് ട്രെന്‍ഡെന്ന് തോന്നുന്നു. തകര്‍ന്ന കുടുംബങ്ങളില്‍നിന്നുള്ള നിലവിളികള്‍ സമൂഹ മനസാക്ഷിയെ ആകെ പിടിച്ചു കുലുക്കാന്‍ പോന്നതാണ്. ഉപേക്ഷിക്കപ്പെട്ട കുട്ടികളും നിരാശരായ വിവാഹമോചിതരുമെല്ലാം ജനസംഖ്യയിലെ ഭൂരിപക്ഷമായാല്‍ സംശയംവേണ്ട അത് സാമൂഹ്യജീവിതത്തിന്റെ സ്വസ്ഥതയെ മോശമായി ബാധിക്കും. ഇന്ന് പുതിയ തലമുറ വിചാരിക്കുന്നു, വിവാഹമെന്ന തിന്മ ഒഴിവാക്കി സ്വതന്ത്ര ജീവിതം ആസ്വദിക്കാമെന്ന്. ഒരു ബാധ്യതയും കടപ്പാടും ഇല്ലാതെ. അവര്‍ വൈഫ് എന്ന വാക്കിനെ വറി ഇന്‍വൈറ്റഡ് ഫോര്‍ എവര്‍ എന്ന് വിളിക്കും, പഴയ ആശയമായ വൈസ് ഇന്‍വെസ്റ്റ്മെന്റ് ഫോര്‍ എവര് എന്നതിന് പകരം. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം നമ്മുടെ വിവാഹബന്ധങ്ങളെയും സ്വാധീനിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഭാര്യയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ ഒരു വ്യക്തി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളാണ് ഇത്രയും. ഈ പരാമര്‍ശങ്ങളെ നമ്മള്‍ എങ്ങനെ കാണണം?