
5 പേജുള്ള രാജിക്കത്തില്‍ അഞ്ച് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ നേട്ടമെല്ലാം അനുസ്മരിക്കുന്നുണ്ട് ഗുലാം നബി ആസാദ് എന്ന തലമുതിര്‍ന്ന മുന്‍ കോണ്‍ഗ്രസുകാരന്‍. എന്നിട്ടതിന്‍റെ കൂടെ എണ്ണിയെണ്ണിക്കുറിക്കുന്നു കുറ്റങ്ങള്‍, വിമര്‍ശനങ്ങള്‍. രാഹുലിനാണ് ഏറ്റവുമധികം കൊട്ട്. അപക്വ പെരുമാറ്റം, കുട്ടിത്തം. 2019ലെ മാത്രമല്ല, 2014 ലെ തന്നെ തിരഞ്ഞെടുപ്പ് പതനത്തിന് രാഹുല്‍ പ്രധാന കാരണമായി. മന്‍മോഹന്‍ സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ് ബിജെപിക്ക് വടി കൊടുത്തു. രാഹുല്‍ വന്നതോടെ കൂടിയാലോചന ഇല്ലാതായി, ഇപ്പോള്‍ മുതിര്‍ന്ന പരിചയസമ്പന്നര്‍ പടിക്കുപുറത്ത്. തീരുമാനമെടുക്കുന്നത് രാഹുലിന്‍റെ ജീവനക്കാരും കാര്യം കാണാന്‍ ഒപ്പം കൂടിയവരും. പാര്‍ട്ടിയെ നവീകരിക്കാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ 9 കൊല്ലമായി ചവറ്റുകൊട്ടയിലാണെന്നും ഗുലാം പറഞ്ഞുവയ്ക്കുമ്പോള്‍.. രാജിയേക്കാള്‍ ചര്‍ച്ചയായി മാറുകയാണ് ആ രാജിക്കത്ത്. ഈ കത്ത് കോണ്‍ഗ്രസിന്‍റെ കണ്ണുതുറപ്പിക്കുമോ ? എന്താകും സമീപനം ?