മലയാളിക്കിന്ന് വിഷു. ദുഖവെള്ളി. വിശുദ്ധറമസാനിലെ പുണ്യനാളുകളിലൊന്ന്. ആഘോഷവും ആചരണവും ആയി തീരേണ്ടൊരു പകലാണ്. ജോലിക്ക് കൂലികിട്ടാതെ കെഎസ്ആര്‍ടിസി ജീവനക്കാരായ ആയിരക്കണക്കിന് പേര്‍ക്കും അവരുടെ ഉറ്റവര്‍ക്കും ഇതൊരു സമാധാനമില്ലാത്ത ദിവസമായിട്ടുണ്ടാകണം. ഈ ദിവസം ഇങ്ങനെയൊക്കെ അങ്ങ് നിര്‍വചിച്ചുപോകുമെന്ന് നിനച്ചിരിക്കെയാണ് പാലക്കാട്ടുനിന്ന് ഈ ദിവസത്തെയാകെ കറുപ്പിച്ച ഒരു വാര്‍ത്ത വരുന്നത്. പാലക്കാട് എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവിനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് ആണ് പിന്നിലെന്ന് എസ്ഡിപിഐ.
ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ വധവുമായി ബന്ധമുണ്ടെന്നും ആരോപണം സഞ്ജിത് ഉപയോഗിച്ച കാറിലാണ് അക്രമികളെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കാര്‍ ഉപേക്ഷിച്ച നിലയിലാണ്. എന്നാല്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കൊല്ലപ്പെട്ടയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും ബിജെപി. അപ്പോള്‍ സംഭവത്തിലെ നേര് തെളിയട്ടെ. കേരളത്തെ അസ്വസ്ഥമാക്കുന്നത് ഈ ദിവസവും കൊലക്കത്തി താഴെവയ്ക്കുന്നില്ല അക്രമിസംഘമെന്നതാണ്. ഏതുസമയത്തും എതിരാളിയെ മാര്‍ക്ക് ചെയ്ത് ആരൊക്കെയോ ആയുധങ്ങളുമായി വിഹരിക്കുന്നു എന്നതാണ്. അല്ലെങ്കില്‍ അവരെ ഭയപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ആകുന്നില്ല എന്നതാണ്. ആരുത്തരം പറയണം? കൗണ്ടര്‍പോയിന്‍റ് പരിശോധിക്കുന്നു