സിഐക്കെതിരെ നടപടി എടുത്തതോ എടുപ്പിച്ചതോ? സർക്കാർ പ്രതിരോധത്തിലോ?

ഒട്ടും അപ്രതീക്ഷിതമല്ല. കാരണം അത്രകണ്ട് തുറന്നുകാട്ടപ്പെട്ടിരുന്നു ആലുവ സിഐ സി.എല്‍.സുധീര്‍. ഗാര്‍ഹിക പീഡന പരാതി കണ്ട ഭാവം നടിച്ചില്ല, ഒരുപാട് വൈകി പരാതിക്കാരിയെ വിളിപ്പിച്ചപ്പോള്‍ കാട്ടിയ സമീപനം, പിന്നാലെ ആ ഉദ്യോഗസ്ഥന്റെ പേരുകൂടി എഴുതിവച്ച് ഒരു പെണ്‍കുട്ടി ഒരുമുഴം കയറില്‍ അഭയംപ്രാപിക്കുക. നടപടി വീടിനടുത്തേക്ക് സ്ഥലംമാറ്റത്തില്‍ ഒതുക്കിയെന്ന ആക്ഷേപത്തിന് പിന്നാലെ രണ്ടുദിവസംനീണ്ട കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്ക് പിന്നാലെ, സുധീറിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെ, ഏറ്റവും ഒടുവില്‍ മോഫിയയുടെ അച്ഛന്റെ ഫോണിലേക്കെത്തിയ മുഖ്യമന്ത്രിയുടെ കോളിന് പിന്നാലെ സിഐയ്ക്ക് സസ്പെന്‍ഷന്‍. വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്. ഇതിനിടയില്‍ ഇന്ന് സിപിഐ മുഖപത്രം ഇങ്ങനെ മുഖപ്രസംഗമെഴുതി. വേലിതന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധപതിക്കരുത്, നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അപ്പോള്‍ ഈ നടപടി സര്‍ക്കാര്‍ സ്വാഭാവികമായി എടുത്തതോ? സര്‍ക്കാരിനെക്കൊണ്ട് എടുപ്പിച്ചതോ?