കേരള പോലീസിനെ ആര് നേരെയാക്കും? പെൺകുട്ടികൾക്ക് നീതി കിട്ടുമോ?

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ പുല്ലുവിലയാണ് നല്‍കുന്നതെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ് ആലുവ സിഐ സി.എല്‍ സുധീര്‍. ഇരുപത്തൊന്ന് വയസ് മാത്രം പ്രായമുള്ള സമര്‍ഥയായ വിദ്യാര്‍ഥിനിക്ക് ഭര്‍തൃപീഡനത്തോടൊപ്പം ഏറ്റുവാങ്ങേണ്ടി വന്നത് നിയമപാലകരുടെ പീഡനവും. മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയത് ഇവിടുത്തെ സംവിധാനങ്ങളോടു കൂടി പരാജയപ്പെട്ടാണ്. സ്റ്റേഷനില്‍ പരാതിയുമായി വരുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും എടീ വാടീ എന്ന് വിളിക്കുന്ന ഏമാന്‍മാര്‍ ഇപ്പോഴും ക്രമസമാധാനപാലത്തില്‍ വിലസുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനാണ്. പാമ്പുകടിയേറ്റ് മരിച്ച ഉത്ര മുതല്‍ ആലുവയിലെ മോഫിയ വരെ ഇനിയുമെത്ര പെണ്‍കുട്ടികള്‍ക്ക് ഈ സര്‍ക്കാരിന് കീഴില്‍ നീതി നിഷേധിക്കപ്പെടും. കേരളപൊലീസിനെ ആര് നേരെയാക്കും..?