അടിമുടി ദുരൂഹതമാത്രം നിറഞ്ഞ ഒരു ഉത്തരവ് മൂന്ന് ദിവസത്തിനുശേഷം മരവിപ്പിക്കുന്നു, പിന്നെയും രണ്ട് ദിവസം പിന്നിടുമ്പോള്‍ റദ്ദാക്കുന്നു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിച്ചുനീക്കാനുള്ള തമിഴ്നാടിന്റെ നീക്കങ്ങള്‍ക്ക് അനുമതി നല്‍കി കേരളം നല്‍കിയ ഉത്തരവ്.
ആശങ്കപ്പെടുത്തുന്നതും അവിശ്വസനീയവുമായ ഒന്ന്, ഇങ്ങനെയൊരു ഉത്തരവിനെക്കുറിച്ച് കേരളത്തിലെ ഭരണനേതൃത്വം അറിയുന്നത് ഉത്തരവിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തിന് കത്തെഴുതുമ്പോഴാണ് എന്നതാണ്. അതങ്ങനെ തന്നെയാണോ എന്ന സംശയം ഇപ്പോള്‍ ബലപ്പെട്ടെങ്കിലും. ഈ ദിവസങ്ങളിലെല്ലാം പുറത്തുവന്നത് സര്‍ക്കാരിനെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍. ഉത്തരവിന് മുന്നോടിയായി കേരള തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഡാമിലെത്തി പരിശോധിച്ചെന്ന വിവരം ആദ്യം സര്‍ക്കാര്‍ തള്ളുന്നു, പിന്നെ അംഗീകരിക്കുന്നു. ഇന്ന് ജലവിഭവമന്ത്രി പറയുന്നു ഉത്തരവിറക്കാന്‍ നവംബര്‍ ഒന്നിന് ജലവിഭവ അഢീഷണല്‍ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗം നടന്നില്ല എന്ന്.
യോഗം നടന്നുവെന്ന ഔദ്യോഗിക രേഖ വനംമന്ത്രി നിയമസഭയില്‍ വായിക്കുന്നു. കേരളം ഭരിക്കുന്നത് ആരാണ് എന്ന മട്ടിലൊരു ഗുരുതര പ്രതികരണംപോലും തമിഴ്നാട്ടില്‍നിന്ന് വന്നിട്ടും ഇത്രയൊക്കെ ദുരൂഹതയുണ്ടായിട്ടും നമ്മുടെ മുഖ്യമന്ത്രി ഒരുവാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല എന്നതും ഓര്‍മിപ്പിക്കട്ടെ, അപ്പോള്‍ ആരാണ് ഈ വിവാദത്തിന് മറുപടി പറയേണ്ടത്? ആ ഉത്തരവാദിത്തം ഉത്തരവ് ഇല്ലാതായാല്‍ തീരുമോ?