കൊലക്കേസില്‍ പ്രതിയായ മന്ത്രിപുത്രന്‍ എവിടെ? പൊലീസും നിയമവും ഉറക്കമോ?

കൊലക്കേസ് പ്രതിയെ നോട്ടിസ് നല്‍കി വിളിച്ചുവരുത്തുന്നത് എന്തിനാണ്? സുപ്രീംകോടതി യുപി സര്‍ക്കാരിനോട് ചോദിക്കുന്നു. കൊലക്കേസെടുത്താല്‍ ഏതൊരു പ്രതിയെയും പോലെയാണ് ആശിഷ് മിശ്രയും. എന്നുവച്ചാല്‍ രാജ്യത്തെ നിയമസംവിധാനത്തിന് മുന്നില്‍ കേന്ദ്രമന്ത്രിയുടെ മകന് ഒരു പരിഗണനയും മറ്റുള്ളവര്‍ക്ക് മറ്റൊരു പരിഗണനയും ഇല്ല എന്നര്‍ഥം. യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര അപ്പോള്‍ എവിടെയാണ്? എങ്ങനെയാണ് എഫ്ഐആറിട്ട് ഇത്ര ദിവസമായിട്ടും അയാള്‍ക്ക് നിയമത്തിന് മുന്നില്‍ വരാതിരിക്കാന്‍ കഴിയുന്നത്? അങ്ങനെ ഒളിവിലുള്ള, നിയമത്തിന് മുന്നില്‍ ഒളിച്ചിരിക്കുന്ന ഒരാളുടെ പിതാവിന് ഇരിക്കാന്‍ പാകപ്പെട്ടതോ ആഭ്യന്തരസഹമന്ത്രിയെന്ന പൊലീസ് മന്ത്രിയുടെ കസേര?