സവര്‍ക്കര്‍ സിലബസില്‍ വന്നതെങ്ങനെ?; സര്‍വകലാശാല വ്യക്തമാക്കുന്നതെന്ത്?

കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്സ് കോഴ്സിന്റെ മൂന്നാം സെമസ്റ്ററിന് പഠിക്കാന്‍ തീരുമാനമായ ചില പുസ്തകങ്ങളാണ് വിവാദം. പുസ്തകമെന്ന് പറയാനാകില്ല. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും അടക്കം ഇതിനകം രാജ്യത്ത് വലിയ ചര്‍ച്ചയായ അഞ്ച് പുസ്തകങ്ങളില്‍നിന്നുള്ള ചില ഭാഗങ്ങള്‍. കഴിഞ്ഞ പതിനേഴിനാണ് വിദഗ്ധസമിതി തീരുമാനത്തിന് വൈസ് ചാന്‍സലര്‍ അംഗീകാരം നല്‍കിയത്. ഇന്നലെയത് പുറത്തുവന്നതോടെ വലിയ കൊടുങ്കാറ്റായി. കാവിവല്‍ക്കരണമെന്ന് ആക്ഷേപം. ആര്‍എസ്എസ് അജണ്ട കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിലേക്കുമെത്തുന്നു എന്ന് ആരോപണം. അങ്ങനെയങ്ങനെ. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്്യുവിന്റെയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ സര്‍വകലാശാല വച്ചു. പക്ഷെ സിലബസ് മരവിപ്പിച്ചിട്ടില്ല. അപ്പോള്‍ ഈ പുസ്തകഭാഗങ്ങള്‍ സിലബസില്‍ വന്നതെങ്ങനെയാണ്? അതുവഴി സര്‍വകലാശാല വ്യക്തമാക്കുന്നതെന്താണ്?