മരംമുറിയിൽ മന്ത്രിയുടെ താല്‍പര്യം എന്ത്?; ഒത്താശ ചെയ്തതാര്?

നാടിന് ഗുണകരവും നിയമാനുസൃതവുമായ നിലപാടെടുക്കുന്ന ഉദ്യോഗസഥന്‍ അച്ചടക്ക നടപടി നേരിടും എന്നൊരു ഉത്തരവ് ഒരുപക്ഷേ നമ്മുടെ ഭരണ ചരിത്രത്തില്‍ തന്നെ അപൂര്‍വമാകും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് റവന്യൂ വകുപ്പാണ് അത്തരമൊരു ഉത്തരവ് ഇറക്കിയത്. 1964ലെ ഭൂപതിവ് ചട്ടം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്ന അപൂര്‍വ ഉത്തരവിന് പിന്നില്‍ ആരെന്ന ചോദ്യത്തിന് ഇന്ന് ഉത്തരവായി. അന്നത്തെ റവന്യൂ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ ഇ.ചന്ദ്രശേഖരന്‍ തന്നെയാണ് ആ വിചിത്ര ഉത്തരവിറക്കിയത്. മരംമുറിക്കേസില്‍    മുഖ്യ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ രണ്ടാം പിണറായി സര്‍ക്കാര്‍കാലത്ത് സ്വതന്ത്രരായി നടക്കുന്നു. മരംകൊള്ളയ്ക്ക് ഒത്താശ ചെയ്തതിന്‍റെ പേരില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍ പുതിയ മന്ത്രിക്കൊപ്പം പ്രധാനിയായി വിലസുകയും ചെയ്യുന്നു. ആദിവാസികളും സാധാരണ കര്‍ഷകരും കേസില്‍പ്പെട്ട് അന്തംവിട്ട് നില്‍ക്കുമ്പോഴാണിത്.  ഭരണചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഉത്തരവിറക്കാന്‍ ചന്ദ്രശേഖരനെ പ്രേരിപ്പിച്ചതെന്ത് . ഇപ്പോള്‍ നടക്കുന്ന അന്വേഷണ പരിധിയില്‍ രാഷ്ട്രീയ നേതൃത്വം ഇല്ലാത്തതെന്ത് . മരംമുറിയില്‍ മന്ത്രിയുടെ താല്‍പര്യമെന്തായിരുന്നു.