ഇത് കൊന്നതും കൊല്ലിച്ചതും പറയേണ്ട നേരമോ..? പറഞ്ഞതില്‍ പതിരെത്ര?

കേരളത്തിന്‍റെ മുഖ്യമന്ത്രിയും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവും ഇന്നലെയും ഇന്നുമായി വാര്‍ത്താ സമ്മേളനങ്ങളിലൂടെ ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞതാണ് ഈ കേട്ടത്. രണ്ടു വര്‍ഷമായി മഹാമാരിയില്‍പ്പെട്ടുഴറുന്ന, കഴിഞ്ഞ നാല്‍പ്പതു ദിവസം ജീവിതമാര്‍ഗം പൂര്‍ണമായും അടഞ്ഞുപോയ, നൂറു രൂപ തികച്ചെടുക്കാന്‍ നിവൃത്തിയില്ലാത്ത ജനങ്ങളോടു കൂടിയാണ് ഈ വീരവാദം പറയുന്നതെന്നും ഓര്‍ക്കണം. സംസ്ഥാനത്തിന്‍റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  തന്‍റെ പോര്‍വിളി രാഷ്ട്രീയത്തിന്‍റെ കഥ സമയമെടുത്ത് വിവരിച്ചത്. ഇന്ന് മറുപടിയുമായെത്തിയ സുധാകരനും പഴങ്കഥകള്‍ എണ്ണിപ്പറഞ്ഞു. തൊട്ടുപിന്നാലെ ഇരുവരുടെയും പക്ഷം ചേര്‍ന്ന് നേതാക്കള്‍ ഒന്നൊന്നായി രംഗത്തെത്തി. മഹാമാരിയെ ഒന്നിച്ച് നിന്ന് പ്രതിരോധിക്കണം, വിമര്‍ശനങ്ങള്‍ പാടില്ല, ക്രിയാത്മക പ്രതിപക്ഷം, ഇതെല്ലാം ആവര്‍ത്തിച്ച് ഉരുവിടുന്നവരാണ് കൊന്നതിന്‍റെയും കൊല്ലിച്ചതിന്‍റെയും കഥകളുമായി കളം നിറയുന്നത്. പ്രണയം നിരസിച്ചാല്‍പ്പോലും ഒറ്റവെട്ടിന് കഥ കഴിക്കാന്‍ മടിയില്ലാത്ത പുതു തലമുറയുടെ മുന്നിലാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ അക്രമരാഷ്ട്രീയത്തിന്‍റെ കഥ പറഞ്ഞ് താരങ്ങളാവാന്‍ ശ്രമിക്കുന്നത്. പറയുന്നതില്‍ പതിരെത്ര ?