വീണ്ടും രാഷ്ട്രീയ കൊലകളുടെ ചോരക്കളി; അശാന്തി വിതയ്ക്കുന്നത് ആര്?

വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും ഉണ്ടെന്ന് അഭിമാനിക്കുന്ന മലയാളിക്ക് എക്കാലവും അപവാദമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍. ഈ ചോരക്കളിയുമായി ഏറ്റവുമധികം ചേര്‍ത്ത് വയ്ക്കപ്പെട്ട പേര് ദൗര്‍ഭാഗ്യവശാല്‍ കണ്ണൂരിന്‍റേതാണ്. 1984 മുതൽ 2018 വരെ കണ്ണൂരിൽ 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്.  കഴിഞ്ഞ അ‍ഞ്ചുവര്‍ഷത്തിനിടെ 14 കൊലപാതകങ്ങള്‍. ഓരോത വണയും ചേരുന്ന സമാധാനയോഗങ്ങളിലെ തീരുമാനങ്ങള്‍ മാസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ അട്ടിമറിക്കപ്പെടുന്നു. പുല്ലൂക്കരയിലെ മന്‍സൂറിന്‍റെ വീട്ടിലാണ് ഇന്ന് കണ്ണീരൊഴുകുന്നത്. ഇരുപത്തിയൊന്നുകാരന്‍ മന്‍സൂറിന്‍റെ ജീവന്‍ പോയശേഷവും പ്രദേശം ശാന്തമാവുന്നില്ല എന്നതാണ് ഗൗരവതരമായ സാഹചര്യം. നാടെങ്ങും അക്രമവും പോര്‍വിളിയും തുടരുന്നു. അശാന്തി വിതയ്ക്കുന്നത് ആര്..?