രഹസ്യ ധാരണകള്‍ ആര് തമ്മില്‍? കേരളത്തിലെ ‘അന്തര്‍ധാര’ സത്യമോ..?

ഒട്ടും സമയമില്ല. 40 ദിവസത്തില്‍ താഴെ മാത്രമാണ് കേരളത്തിന് തയാറെടുക്കാനുള്ളത്, നിര്‍ണായക ജനവിധിക്ക്. ഇന്നലെ ആദ്യബെല്‍ മുഴങ്ങിയതോടെ ഒരുക്കങ്ങള്‍ക്ക് വേഗംകൂടി. സീറ്റ് ചര്‍ച്ച, സ്ഥാനാര്‍ഥി പ്രഖ്യാപനം, പിന്നെ പ്രചാരണം അങ്ങനെ ഒരുപാടുണ്ട് മുന്നണികള്‍ക്ക്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യുഡിഎഫ്–എല്‍ഡിഎഫ് പോര് എന്നതില്‍നിന്ന് മാറി കൂടുതല്‍ മണ്ഡലങ്ങളില്‍ ത്രികോണമല്‍സരത്തിന് ഇന്ന് കളമൊരുങ്ങിയിട്ടുണ്ട്. അപ്പോഴും കാലങ്ങളായി കേള്‍ക്കുന്ന ആ ആരോപണം ഈ തിരഞ്ഞെടുപ്പുകാലത്തും സജീവമാണ്. രഹസ്യധാരണ. ഇന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറയുന്നത് സംസ്ഥാനത്ത് 20 ഇടത്തെങ്കിലും സിപിഎം കോണ്‍ഗ്രസ് ധാരണയുണ്ടെന്നാണ്. വിവാദമായ ശംഖുമുഖം പ്രസംഗത്തില്‍ സ്വര്‍ണക്കടത്ത് കേസടക്കം ഇഴഞ്ഞുനീങ്ങുന്നതിന് പിന്നില്‍ സിപിഎം ബിജെപി ധാരണയാണ് രാഹുല്‍ഗാന്ധി സംശയിച്ചത്. കോലീബി എടുത്തുകാട്ടി സിപിഎം തിരിച്ചടിക്കുന്നത് ധാരണ യുഡിഎഫും ബിജെപിയും തമ്മിലാണ് എന്നാണ്. എന്താണ് യാഥാര്‍ഥ്യം? ആരാണീ അവിശുദ്ധ കൂട്ടുകെട്ടിന്റെ താല്‍പര്യക്കാര്‍?