സംഘര്‍ഷത്തിന് ആര് ഉത്തരം പറയണം? സമരക്കാരോട് സംസാരിക്കേണ്ടതാര്?

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം 25ആം ദിവസമാകുമ്പോഴുള്ള കാഴ്ചയാണ്. കെഎസ്്യുവിന്റെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പൊലീസുമായി ഏറ്റുമുട്ടല്‍, വനിതകള്‍ക്കടക്കം പരുക്ക്. ഒരു പൊലീസുകാരനെ സമരക്കാര്‍ വളഞ്ഞിട്ട് തല്ലി. സര്‍ക്കാര്‍ പറയാനുള്ളതെല്ലാം പറഞ്ഞു എന്ന മട്ടില്‍ നില്‍ക്കുകയും ഉദ്യോഗാര്‍ഥികള്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പം നില്‍ക്കുന്നിടത്താണ് ഈ സംഘര്‍ഷാവസ്ഥ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ഇന്നലെ വൈകിട്ട് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടന്നെങ്കിലും പിന്നീടൊന്നും ഉണ്ടായില്ല. സമരമിരിക്കുന്ന ഉദ്യോഗാര്‍ഥികളോട് സംസാരിക്കേണ്ടതാരാണ്?