തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ കേരളം; മുന്നണികളിൽ മുന്നിലാരാണ്?

നിയമസഭാ തിരഞ്ഞെടുപ്പിന് മണിമുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം. സ്വയമൊരുങ്ങാനുള്ള യാത്രകളുടെ സമയമാണിത് പ്രധാന മുന്നണികള്‍ക്കെല്ലാം. യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര കാസര്‍കോട്ടുനിന്ന് കൊച്ചിയെത്തി. നാളെയും മറ്റന്നാളുമായി എല്‍ഡിഎഫിന്റെ രണ്ട് ജാഥകള്‍ തുടങ്ങുന്നു. ബിജെപിയുടെ യാത്ര തുടങ്ങുംമുമ്പേ സംസ്ഥാനത്ത് വരുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് പാര്‍ട്ടിക്ക് ഊര്‍ജം പകരും. സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടന്നിട്ടേയുള്ളൂ, സ്ഥാനാര്‍ഥി മാനദണ്ഡങ്ങള്‍ തയാറായിയും വരുന്നു. വികസന വിഷയങ്ങളുണ്ട്. വിവാദവിഷയങ്ങളേറെയുണ്ട്, ഇന്നും കത്തിനില്‍ക്കുന്ന നിയമനപ്രശ്നം അടക്കം. മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി നിരയിലെത്തി. ബിജെപി അനുഭാവമുണ്ടായിരുന്ന മേജര്‍ രവി രമേശ് ചെന്നിത്തലയുടെ വേദി പങ്കിടാനെത്തി. ദിവസങ്ങളായി ആശയക്കുഴപ്പത്തിലായ എന്‍സിപി ഒടുവിലൊരു തീരുമാനമെടുത്ത മട്ടാണ്. പാര്‍ട്ടി എല്‍ഡിഎഫില്‍ത്തന്നെ. അങ്ങനെയെങ്കില്‍ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക്. ആ മുന്നണിപ്രവേശം മറ്റന്നാള്‍ പാലായില്‍ ഉണ്ടായേക്കും. അങ്ങനെ ഇന്നോളം കാണാത്ത ആവേശം ഉറപ്പായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ കേരളം നില്‍ക്കുമ്പോള്‍, മുന്നണികളില്‍ മുന്നിലാരാണ്?