പിന്‍വാതില്‍ നിയമനങ്ങളില്‍ രോഷം; മുന്‍വാതില്‍ അടയാന്‍ ഉത്തരവാദിയാര്?

നമ്മുടെ സെക്രട്ടേറിയറ്റ് എന്ന ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ പലതരം സമരങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. ഇന്ന് പിഎസ്|സി റാങ്ക് ലിസ്റ്റിലെ രണ്ട് യുവാക്കള്‍ നിയമനം കിട്ടാത്തതിലെ നിരാശകൊണ്ട് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നിയമനം കിട്ടാതെയും ജീവിതം വഴിമുട്ടിയും സമരത്തിന് ഇറങ്ങിയ പല വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ അവിടെ കാണാം. കേരളത്തിന്റെ അഭിമാനമായി കായികനേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സര്‍ക്കാര്‍ വാഗ്ദാനംചെയ്ത തൊഴില്‍ കിട്ടാതെ സമരത്തിനിറങ്ങിയ താരങ്ങളെ കഴിഞ്ഞദിവസം കണ്ടു. ഇതൊരുവശത്ത്. മറുവശത്ത് നിയമനവിവാദം രാഷ്ട്രീയമായി മറ്റൊരു വഴിക്ക് നീങ്ങുകയാണ്. എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കാലടി സര്‍വകലാശാലയില്‍ത്തന്നെ മറ്റൊരു ആക്ഷേപം ഇന്ന് കേട്ടു. അഭിമുഖ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സഹയാത്രികയ്ക്ക് സഹായം അഭ്യര്‍ഥിച്ച് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി എറണാകുളം ജില്ലാ കമ്മിറ്റിക്ക് കൊടുത്ത കത്ത് പുറത്തായി. സ്വാഭാവിക ഇടപെടലെന്നാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. കേരള യാത്രയിലുള്ള പ്രതിപക്ഷനേതാവ് പറയുന്നു, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനം തടയാന്‍ സമഗ്രനിയമമുണ്ടാക്കും, അതിന്റെ കരട് തയാറാണ് എന്ന്. നിയമനങ്ങളില്‍ മുന്‍വാതില്‍ നോക്കുകുത്തിയാകുന്നത് എങ്ങനെയാണ്? എത്രത്തോളമാണ്?