കര്‍ഷകസമരം അടിച്ചമര്‍ത്താനോ നീക്കം..? സിംഘുവില്‍ രാജ്യം കണ്ടതെന്ത്?

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ സമരം, അതിനോടുള്ള സര്‍ക്കാരിന്റെ സമീപനം എന്നതിനെയൊക്കെ റിപ്പബ്ലിക് ദിനത്തിന് മുമ്പ്, ശേഷം എന്ന് രണ്ടായി കാണേണ്ടിവരും. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച പകല്‍ ചെങ്കോട്ടയിലും ഡല്‍ഹിയുടെ മറ്റിടങ്ങളിലും ഉണ്ടായ വ്യാപക അക്രമമാണ് കാരണം. അക്രമികളെ തിരയുന്നതിനൊപ്പം സമരത്തോട് നിലപാട് കടുപ്പിക്കുക കൂടിയാണ് ഭരണകൂടങ്ങള്‍. അതുകൊണ്ടാണ് യുപി അതിര്‍ത്തിയിലെ ഗാസിപ്പൂര്‍ ഇന്നലെ പെട്ടെന്ന് ഒഴിപ്പിക്കാന്‍ യുപി ഭരണകൂടം ഉത്തരവിട്ടത്. അതുപക്ഷെ നടന്നില്ലെന്ന് മാത്രമല്ല, രാകേഷ് ടികായത്തെന്ന കര്‍ഷകനേതാവിന്റെ ആഹ്വാനംകേട്ട് കൂടുതല്‍ കര്‍ഷകര്‍ അങ്ങോട്ടെത്തുന്നതാണ് ഇന്ന് കണ്ടത്. ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ഇന്നുച്ചയോടെ കണ്ടത് നാട്ടുകാരുടേത് എന്ന പേരിലുണ്ടായ പ്രതിഷേധമാണ്, കര്‍ഷകര്‍ക്കുനേരെ. പ്രതിഷേധമെന്നുവച്ചാല്‍, കല്ലേറ്, കര്‍ഷകരുടെ ടെന്റുകള്‍ കേടാക്കുക എന്നിങ്ങനെ. അതാണ് നമ്മള്‍ ഇപ്പോള്‍‌ കണ്ടത്. നാട്ടുകാരെന്ന് ബിജെപിയും സംഘ് പരിവാര്‍ പ്രവര്‍ത്തകരെന്ന് കര്‍ഷകസംഘടനകളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും. സിംഘുവില്‍ കണ്ടത് ആരുടെ പ്രതിഷേധം? ജനുവരി 26ന് ശേഷം കര്‍ഷകസമരത്തോട് സര്‍ക്കാരിന്റെ സമീപനമെന്താണ്? വിഡിയോ കാണാം