സംഘടനകൾ ഇരിക്കുംകൊമ്പ് മുറിക്കുന്നോ? ആനവണ്ടിക്ക് ആപ്പുവയ്ക്കുന്നതാര്?

കെഎസ്ആര്‍ടിസി എംഡിയുടെ വെല്ലുവിളി യൂണിയന്‍കാരോടാണ്. യൂണിയന്‍റെ അതിപ്രസരവും അഴിമതിയും എങ്ങനെയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കുന്നതെന്ന് ബിജു പ്രഭാകര്‍ ഇന്ന് കേരളത്തോട് പറഞ്ഞു. താല്‍ക്കാലികക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് ജീവനക്കാര്‍ ഇഞ്ചികൃഷിയും മഞ്ഞള്‍കൃഷിയുമായി നടക്കുകയാണെന്ന് വിളിച്ചുപറഞ്ഞ ബിജു പ്രഭാകര്‍, അധികമുള്ളവരെ പിരിച്ചുവിടുക തന്നെ ചെയ്യുമെന്നും സംശയലേശമെന്യേ വ്യക്തമാക്കി. വാര്‍ത്താസമ്മേളനം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ എംഡിക്കെതിരെ യൂണിയനുകള്‍ പ്രതിഷേധത്തിനിറങ്ങി. എംഡി പരസ്യ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭരണകക്ഷി സംഘടനയായ   സിഐടിയുസി പോലും പറഞ്ഞു.  പക്ഷേ ഉച്ചകഴിഞ്ഞപ്പോള്‍ 100 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് എംഡി പറഞ്ഞ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെ  സ്ഥലംമാറ്റിയുള്ള ഉത്തരവിറങ്ങി. കെഎസ്ആര്‍ടിസി നന്നാക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ക്ക് താല്‍പര്യമില്ലേ? ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണോ തൊഴിലാളി സംഘടനകള്‍?